പാലക്കാട് : പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വയോധികയുടെ കൊലപാതകത്തിൽ 2 പ്രതികളും പിടിയിലായി. സരസമ്മാളിനെ പ്രതിയുടെ വീട്ടിൽ വച്ച് തീവെച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. മോഷണത്തിനിടെയാണ് കൊലപാതകം നടന്നത്. ആട്ടയാംപതി സ്വദേശി ഉദയകുമാറും 17കാരനുമാണ് പ്രതികൾ.
കേസിൽ നേരത്തെ ഉദയകുമാർ അറസ്റ്റിലായിരുന്നു. പിന്നീട് പതിനേഴുകാരനായ പ്രതിക്കായി അന്വേഷണം ആരംഭിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 17കാരനെതിരെ നേരത്തെയും കേസുകളുണ്ട്. അതിക്രൂരമായാണ് സരസാളിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. രണ്ട് മൂക്കുത്തികൾക്ക് വേണ്ടിയാണ് പ്രതികൾ കൊലപാതകം നടത്തിയത്. പ്രതിയായ ഉദയകുമാറിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.
സരസമ്മാളിനെ പ്രതിയുടെ വീട്ടിനകത്ത് കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. നിലത്തുവീണ സരസമ്മാളിനെ പ്രതികൾ നെഞ്ചിൽ ചവിട്ടി. പിന്നീട് കൊടുവാളുപയോഗിച്ച് കഴുത്തിന് വെട്ടി മരണമുറപ്പിച്ചു. പിന്നീട് ശുചിമുറിയിൽ ഡ്രമ്മിൽ ഇട്ട് കത്തിച്ചു. പാതി കത്തിയ ശരീരം ചാക്കിലാക്കി കെട്ടി പ്രതിയുടെ വീടിന് പുറകിൽ കുഴിച്ചിടുകയായിരുന്നു.






