പാലാ: പാലാ പുലിയന്നൂരിൽ വീട്ടിൽ തീപ്പിടിത്തം. കൃഷ്ണ വിലാസം സുധീഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ടാണ് തീപ്പിടിത്തമുണ്ടായത്. എസിയിൽനിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല.
താഴത്തെ നിലയിൽനിന്ന് പുക ഉയരുന്നത് കണ്ട് വീടിൻ്റെ മുകൾനിലയിൽ താമസിക്കുന്നവർ വീട്ടുടമസ്ഥനായ സുധീഷിനെ വിവരം അറിയിക്കുകയായിരുന്നു. ഉടമസ്ഥനെത്തി വീട് തുറന്നപ്പോഴാണ് മുറി മുഴുവൻ തീ പടർന്നതായി കണ്ടത്. മറ്റ് മുറികളിലേക്കും തീ പടർന്നിരുന്നു.
പാലായിൽനിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിൽ രേഖകളും തുണിയും ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി ഉടമസ്ഥൻ പറഞ്ഞു.






