ഇന്ത്യ - പാകിസ്ഥാൻ നയതന്ത്ര ബന്ധം വഷളായി തുടരുന്നതിനിടെ, പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മസൂദ് മാലിക് ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും.
ദില്ലിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) 'സിവിലൈസേഷണല്‍ ഡയലോഗ്' സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്. നവംബർ 20 മുതല്‍ 22 വരെയാണ് സമ്മേളനം നടക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാൻ മന്ത്രി ഇന്ത്യയിലെത്തുന്നത്. നിലവിലുള്ള കീഴ്വഴക്കങ്ങള് അനുസരിച്ച് എസ്സിഒയിലെ എല്ലാ അംഗരാജ്യങ്ങള്‍ക്കും ഒക്ടോബർ 28ന് ഇന്ത്യ ഔദ്യോഗിക ക്ഷണം അയച്ചിരുന്നു.
എസ്സിഒ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം വളർത്തുന്നതിനും പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്ത വർഷം ഇസ്ലാമാബാദില് നടക്കാനിരിക്കുന്ന എസ്സിഒ ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള പാകിസ്ഥാന്റെ നീക്കമായാണ് മുസാദിക് മാലിക്കിന്റെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
2025 ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്. ഇതിന് തിരിച്ചടിയായി മെയ് ഏഴിന് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയും പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ തകർക്കുകയും ചെയ്തിരുന്നു. നാല് ദിവസം നീണ്ടുനിന്ന സൈനിക ഏറ്റുമുട്ടല്‍ മെയ് 10ന് ഇരുരാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിലുണ്ടാക്കിയ ധാരണയെത്തുടർന്നാണ് അവസാനിച്ചത്.
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സഹകരണത്തിനായി പ്രവർത്തിക്കുന്ന യുറേഷ്യൻ കൂട്ടായ്മയാണ് എസ്സിഒ. ഇന്ത്യ, പാകിസ്ഥാൻ എന്നിവർക്ക് പുറമെ ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, ബെലാറസ് എന്നീ രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. 2024 ഒക്ടോബറില്‍ ഇസ്ലാമാബാദില് നടന്ന എസ്സിഒ യോഗത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുത്തിരുന്നു.






