കോട്ടയം: കൊയ്ത്തു തുടങ്ങിയതിന് പിന്നാലെ തുലാമഴയെത്തിയതോടെ വിരിപ്പുകൃഷിക്കിറങ്ങിയ നെല്‍കർഷകർ ആശങ്കയില്‍.
സംഭരണനടപടികള്‍ ആരംഭിച്ചിട്ടില്ല. നെല്ല് കളത്തില്‍ നിന്ന് നീക്കാനായില്ലെങ്കില്‍ മഴയില്‍ ഈർപ്പം വർദ്ധിക്കും. മഴ തുടർന്നാല്‍ നെല്ല് കിളിർക്കും. ഇത് കർഷകർക്ക് വൻ നഷ്ടമുണ്ടാകും.
കാലാവസ്ഥ വില്ലനായതോടെ വിരിപ്പുകൃഷിചെയ്ത കർഷകർ കുറവാണ്. ജില്ലയില്‍ 5000- 6000 ഹെക്ടർ സ്ഥലത്താണ് വിരിപ്പുകൃഷി നടന്നത്.
വെച്ചൂരില്‍ രണ്ടായിരത്തിലേറെ ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കി. ഇവിടെ 115 ഏക്കർ വരുന്ന അരികുപുറം പാടശേഖരത്താണ് ആദ്യം കൊയ്ത്താരംഭിച്ചത്.
സ്വകാര്യ മില്ലുകളുമായി ധാരണയിലെത്താത്തതിനാല്‍ ഓയില്‍പാം ഇന്ത്യയുടെ കീഴിലുള്ള അടച്ചുപൂട്ടല്‍ ഭീഷണിയിലായ വെച്ചൂർ മോഡേണ്‍ റൈസ് മില്‍ ഇവിടുത്തെ നെല്ല് സംഭരിക്കും. കൃഷിമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.
നേരത്തേ സംഭരിച്ച നെല്ലിന്റെ വിലയിനത്തില്‍ സർക്കാർ മില്ലിന് 30 കോടി രൂപ നല്‍കാനുണ്ട്. നെല്ല് സംഭരിച്ച ഇനത്തില്‍ അഞ്ച് കോടി രൂപ കർഷകർക്കും മില്ല് നല്‍കാനുണ്ട്.
സർക്കാർ അടിയന്തിരമായി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സംഭരണം തുടങ്ങുന്നത്.






