തിരുവനന്തപുരം:മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം
ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിക്കും.
ഗ്യാനേഷിനെ നീക്കണമെന്നാവശ്യപ്പെട്ട് ഒരു സംസ്ഥാനം പ്രമേയം കൊണ്ടുവരുന്നത് ഇതാദ്യമാകും.
പ്രതിപക്ഷം പിന്തുണയ്ക്കും.
അതേസമയം, 16-ാംനിയമസഭയുടെ രണ്ടാം സമ്മേളനം അത്ര സുഗമമായേക്കില്ല.
പ്രമേയത്തോടുള്ള മമതയൊന്നും സഭാനടപടികളിൽ കണ്ടേക്കില്ല.
ഹൈക്കമാൻഡ് നിർദ്ദേശാനുസരണം കോൺഗ്രസ് എം.എൽ.എമാരിൽ കുറച്ചുപേരെങ്കിലും ഇന്ന് ഡൽഹിയിലെ സമരത്തിന് പോകണം.
ഹൈക്കമാൻഡ് നിർദ്ദേശം മറികടക്കാനാവില്ല. കോർട്ട്ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ (ഭേദഗതി) ബിൽ 2026,
മദ്രാസ് ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് (കേരള ഭേദഗതി)
ബിൽ 2026 എന്നിവ ഉൾപ്പെടെ രണ്ടുബില്ലുകളാണ് പരിഗണനയിലുള്ളത്.
15 വരെ സഭ ചേരും. നവരാത്രിയായതിനാൽ 17 മുതൽ 27 വരെ സഭ ചേരില്ല. 28, 29 തീയതികളിലെ സമ്മേളന ശേഷം പിരിയും.
12ന് കാര്യോപദേശക സമിതി യോഗത്തിൽ മറ്റ് അജണ്ടകൾ തീരുമാനിക്കും.
രാഷ്ട്രീയമായി പ്രതിപക്ഷത്തെ തളയ്ക്കാൻ, പിണറായി വിജയനുൾപ്പെട്ട കേസിലെ ഹൈക്കോടതി നിർദ്ദേശമുണ്ട്.
സുതാര്യമല്ലെന്ന് ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ യാത്രകളാകും എതിർ ആയുധം.
യു.ഡി.എഫ് കൺവീനറുടെ വിയോജിപ്പും കൂടിയാകുമ്പോൾ സഭാസമ്മേളനം കത്തിക്കയറിയേക്കും.






