കൊച്ചി: ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനില്‍ക്കുന്ന എറണാകുളം ഓടക്കാലി പള്ളിയില്‍ ശവസംസ്കാര ശുശ്രൂഷകള്‍ക്ക് തടസ്സം നേരിട്ടതിനെതിരെ തുടർന്ന് ഓർത്തഡോക്സ് വിഭാഗം പോലീസില്‍ പരാതി നല്കി.
ഓർത്തഡോക്സ് വിഭാഗക്കാരനായ ആളുടെ സംസ്കാര ചടങ്ങിന് മൃതശരീരവുമായി എത്തിയപ്പോള്‍ എതിർ വിഭാഗം പള്ളി തുറന്നു നല്കാൻ തയ്യാറായില്ല എന്നാണ് പരാതി. മൃതദേഹം പള്ളിക്കുള്ളില്‍ പ്രവേശിപ്പിക്കുവാൻ അനുവദിക്കില്ല എന്ന നിലപാടും എതിർ വിഭാഗം സ്വീകരിച്ചിരുന്നുവെന്ന് ഓർത്തഡോക്സ് വിഭാഗം ആരോപിച്ചു.
ഇതേ തുടർന്ന് കുറുപ്പുംപടി പൊലീസിന്റെ സംരക്ഷണയിലാണ് ഓർത്തഡോക്സ് വിഭാഗക്കാർ മൃതദേഹം എത്തിച്ചത്. വീട്ടില്‍ ശുശ്രൂഷകള്‍ നടത്തി മൃതശരീരം പള്ളിക്കകത്ത് പ്രവേശിപ്പിക്കാതെ സെമിത്തേരിയില്‍ അടക്കം ചെയ്തു. സംസ്കാര ശുശ്രൂഷകള്‍ക്ക് തങ്ങള്‍ക്ക് അനുകൂലമായ കോടതി വിധി ഉണ്ടായിട്ടും ഇപ്പോള്‍ നടന്നത്, കോടതി ഉത്തരവിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഓർത്തഡോക്സ് വിഭാഗം കുറുപ്പുംപടി പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.






