കോഴിക്കോട്: ഓപ്പറേഷൻ തെളിമയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധന.
കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരെ നടപടിയെടുത്തു.
കോഴിക്കോട് ജില്ലയില്‍ മാത്രം നിലവാരമില്ലാത്ത 440 ലിറ്റർ ഭക്ഷ്യ എണ്ണയാണ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചത്.
വൻതോതില്‍ എണ്ണക്കടികള്‍ നിർമ്മിച്ച് റീട്ടെയില്‍ കടകളിലേക്കും ഹോട്ടലുകളിലേക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന നടന്നത്.
കോഴിക്കോട് ജില്ലയില്‍ പുലർച്ചെ ആരംഭിച്ച മിന്നല്‍ പരിശോധനയില്‍ ആവർത്തിച്ച് ഉപയോഗിച്ച 440 ലിറ്റർ ഭക്ഷ്യ എണ്ണയും വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്ത ആയിരത്തോളം എണ്ണക്കടികളും നശിപ്പിച്ചു. ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം ഉറപ്പിക്കുന്നതിനായി മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
ജില്ലയില്‍ ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും വൃത്തിഹീനമായി പ്രവർത്തിച്ച നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
മലപ്പുറത്ത് എണ്ണക്കടി നിർമ്മാണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 5 ലിറ്റർ പഴകിയ ഭക്ഷ്യ എണ്ണ പിടികൂടി. ഒരു സ്ഥാപനം അടച്ചുപൂട്ടുകയും മൂന്ന് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയെും ചെയ്തു.
പാലക്കാട് നഗരത്തില്‍ നാല് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിലവാരമില്ലാത്ത 120 ലിറ്റർ ഭക്ഷ്യ എണ്ണ പിടികൂടി. ഈ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് ഹെല്‍ത്ത് കാർഡും ഉണ്ടായിരുന്നില്ല. നിയമലംഘനങ്ങളുടെ ഭാഗമായി നാല് കടകളും പിഴ ഒടുക്കണം.
തൃശ്ശൂരിലും എറണാകുളത്തും ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് സ്ഥാപനങ്ങള്‍ അടപ്പിച്ചു. എറണാകുളത്ത് സമൂസയില്‍ ഉപയോഗിക്കാൻ എത്തിച്ച 30 ചീത്തയായ ക്യാരറ്റും ഉദ്യോഗസ്ഥർ നശിപ്പിച്ചു.
കൊല്ലത്ത് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നാല് സ്ഥാപനങ്ങളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടിച്ചത്. ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിലും സംഭരണത്തിലും നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.






