വിശാഖപട്ടണം: അർണബ് അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ അതീവ ജാഗ്രതയില്‍ ആന്ധ്രാപ്രദേശും ഒഡിഷയും.
വിശാഖപട്ടണത്തും ഒഡിഷയിലും മഴ കനത്തു. കാറ്റ് ശക്തി പ്രാപിച്ച് തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടല്‍ പ്രക്ഷുബ്ധമായി.
തിരമാലകള്‍ 14 മീറ്റർ വരെ ഉയരാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആന്ധ്രയിലെ കാക്കിനടയില്‍ നിന്ന് 89,000 പേരെ ഒഴിപ്പിച്ചു. കാറ്റ് നാളെ പുലർച്ചെ കര തൊടുമെന്നാണ് പ്രവചനം. നാല് വിമാനസർവീസുകള്‍ റദ്ദാക്കുകയും നാല് എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു.
72 ട്രെയിനുകള്‍ റദ്ദാക്കി. ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആന്ധ്രയില്‍ യാനത്തിനും കാക്കിനടയ്ക്കും ഇടയിലുള്ള മേഖലയിലാകും ഒർണബ് കരയില്‍ പ്രവേശിക്കുക. കരതൊട്ട് കഴിഞ്ഞാല്‍ മണിക്കൂറില്‍ 140 കിലോമീറ്റർ വരെ വേഗത കാറ്റ് കൈവരിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്നില്‍ക്കണ്ട് വലിയ സുരക്ഷാ സന്നാഹങ്ങളൊരുക്കുകയാണ് ആന്ധ്രയും ഒഡിഷയും.
കാക്കിനട തീരത്തുനിന്ന് മാത്രം 89,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആന്ധ്രയിലെ ഹോപ് ഐലൻഡ് പൂർണമായും ഒഴിപ്പിച്ചു. 1400ല്‍ ഏറെ ദുരിതാശ്വാസ ക്യാന്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
നാലായിരത്തിലേറെ ഗർഭിണികളെ സുരക്ഷിത താവളങ്ങളിലെത്തിച്ചു. കടലില്‍ പോയ മീൻപിടിത്ത ബോട്ടുകളെല്ലാം സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു. അയല്‍സംസ്ഥാനമായ ഒഡിഷയും കനത്ത ജാഗ്രതയിലാണ്. ഒഡിഷയില്‍ പലയിടത്തും മഴ കനത്തു കഴിഞ്ഞു.
ആന്ധ്രാ തീരത്ത് ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷയില്‍ നാളെ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഛത്തിസ്ഗഡ്, യുപി സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് അറിയിപ്പ്.






