കോഴിക്കോട്: ഓണത്തിന് പ്രവാസി മലയാളികള്‍ക്ക് സദ്യയുണ്ണാനുള്ള വിഭവങ്ങളെല്ലാം കേരളത്തില്‍ നിന്നാണ് കയറ്റുമതി ചെയ്യാറുള്ളത്.
യാത്രാ വിമാനങ്ങളില്‍ അനുവദനീയമായ സ്ഥലത്താണ് സാധാരണ ചരക്കുകയറ്റി അയക്കാറുള്ളത്. എന്നാല്‍, യുദ്ധം തുടങ്ങിയതോടെ യാത്രാവിമാനങ്ങളുടെ എണ്ണം കുറഞ്ഞു. ഒരു വിമാനത്തില്‍ ഏറിവന്നാല്‍ 1500 കിലോഗ്രാം ചരക്കുമാത്രമേ അയക്കാനാവൂ. കുറഞ്ഞത് 70 വിമാനങ്ങളിലെങ്കിലുമായേ മുഴുവൻ ചരക്കും അയക്കാൻ കഴിയൂ. അതിനാല്‍, ചരക്കുവിമാനംതന്നെ ചാർട്ടർ ചെയ്തിരിക്കുകയാണ് കെഎൻപി എക്സ്പോർട്ടേഴ്സ്.
സദ്യക്കുള്ള ഇലയും പഴങ്ങളും പച്ചക്കറികളുമടക്കം 95,000 കിലോഗ്രാം ചരക്കാണ് ഇവർ കയറ്റുമതി ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയില്‍ നിന്ന് ഇത്തിഹാദിന്റെ നാഷണല്‍ എയർ കാർഗോ വിമാനത്തിലാണ് ഇവ അബുദാബിയിലേക്ക് എത്തിച്ചത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ നെടുമ്പാശേരിയില്‍ നിന്നാണ് അയച്ചത്.
മേട്ടുപ്പാളയം, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ച രണ്ടരലക്ഷം വാഴയിലകളും കയറ്റുമതി ചെയ്തവയുടെ കൂട്ടത്തിലുണ്ട്. പാലക്കാട്, വയനാട്, വാഴക്കുളം തമിഴ്നാട്ടിലെ തേനി, നാഗർകോവില്‍, ഒട്ടൻചത്രം, കർണാടകയിലെ ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളില്‍നിന്ന് ഒറ്റദിവസംകൊണ്ട് നേരിട്ടുശേഖരിച്ച സാധനങ്ങള്‍ 14 ട്രക്കുകളിലായാണ് കൊച്ചിയിലെത്തിച്ചത്.
'സാധാരണ യാത്രാവിമാനങ്ങളെക്കാള്‍ ചാർജ് കൂടുതല്‍ ചരക്കുവിമാനങ്ങളിലാണ്. കിലോഗ്രാമിന് 350 രൂപ. എന്നാല്‍, യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബി ഭരണകൂടം ചരക്കുവിമാനക്കൂലിയില് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചിരുന്നു. യാത്രാവിമാനങ്ങളിലെ ചരക്കുകൂലിയാണെങ്കില് കിലോഗ്രാമിന് 50 രൂപയുണ്ടായിരുന്നത് 150 മുതല്‍ 200 രൂപ വരെയായി വർധിച്ചിരുന്നു. ഇതും ചരക്കുവിമാനം ചാർട്ടർ ചെയ്യാൻ പ്രേരണയായി' - കെഎൻപി എക്സ്പോർട്ടേഴ്സ് ഉടമ സൂഫിയാൻ പറഞ്ഞു.






