ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയില്‍ ഓണാഘോഷം കഴിഞ്ഞെത്തിയ സ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് സ്വകാര്യ ബസ് ഫുള്‍ ടിക്കറ്റ് വാങ്ങിയതായി പരാതി. ഇന്നലെയാണ് സംഭവം. ചങ്ങനാശ്ശേരി-ഏറ്റുമാനൂര്‍ റൂട്ടില്‍ ഓടുന്ന 'തണ്ടപ്ര' എന്ന ബസാണ് അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന 20ലധികം വിദ്യര്‍ഥികള്‍ക്ക് കണ്സഷന് നിഷേധിച്ചത്.
യൂണിഫോമില്‍ അല്ലാത്തതുകൊണ്ട് കണ്സഷന് നല്‍കാനാവില്ല എന്ന് കണ്ടക്ടര്‍ പറയുകയായിരുന്നു. ബസ്സില്‍ ഉണ്ടായിരുന്ന സഹയാത്രക്കാര്‍ പണം നല്കിയതുകൊണ്ട് മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ ടിക്കറ്റ് എടുത്ത് വീട്ടിലേക്ക് യാത്ര ചെയ്യാന്‍ സാധിച്ചത്.
രണ്ട് രൂപ ടിക്കറ്റ് നല്‍കേണ്ട ഇടത്ത് ഇരുപത് രൂപ നല്‍കിയാണ് വിദ്യാര്‍ഥികള്‍ യാത്ര ചെയ്തത്. സംഭവത്തില്‍ രക്ഷിതാക്കള്‍ കോട്ടയം ആര്‍ടിഒയ്ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്കി.






