കോട്ടയം: നാള് എത്രയായി, ഇനിയെങ്കിലും ഒന്നു കണ്ണു തുറക്കരുതോ?. നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിലെ കാല്നടപ്പാതയാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.
തകര്‍ന്നു കിടക്കുന്ന സ്ലാബിനു മുകളിലൂടെ നടക്കാന്‍ വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ കഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.അധികൃതര്‍ മനസുവച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും അവശേഷിക്കുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രധാന പാതകളിലൊന്നായ നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിലെ കാല്‍നടപ്പാത. നടപ്പാതയിലെ ഓടകളുടെ കോണ്‍ക്രീറ്റ് മൂടികള്‍ തകര്‍ന്നതും പലതും ഇളകിമാറിയതാണ് അപകടഭീഷണിയാകുന്നത്. ദിവസേന നൂറുകണക്കിനു യാത്രക്കാരാണു ജീവന് പണയംവച്ച് ഇതുവഴി സഞ്ചരിക്കുന്നത്.
അപകടഭീഷണി ചൂണ്ടിക്കാണിക്കാന്‍ താല്‍ക്കാലികമായി മുന്നറിയിപ്പു റിബണുകളും ടാര്‍വീപ്പകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരത്തിനായുള്ള നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണു യാത്രക്കാരുടെ പരാതി. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമുള്ള ഭാഗത്താണ് അപകടസാധ്യത ഏറ്റവും കൂടുതലുള്ളത്. ബസ് എത്തുമ്പോള്‍ തിരക്കിട്ട് ഓടുന്ന യാത്രക്കാരും ബസില്‍ നിന്ന് ഇറങ്ങുന്നവരും തകര്‍ന്ന സ്ലാബുകളില്‍ കാല്‍വെച്ച് അപകടത്തില്‍പ്പെടാന്‍ സാദ്ധ്യത ഏറെയാണ്. പ്രദേശം പരിചയമില്ലാത്തവരും പുറത്തുനിന്നെത്തുന്ന യാത്രക്കാരും അപകടസാദ്ധ്യത തിരിച്ചറിയാതെ സഞ്ചരിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. രാത്രി സമയത്ത് തകര്‍ന്ന ഭാഗങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയാത്തതിനാല്‍ അപകടഭീഷണി ഇരട്ടിയാകുന്നു. നടപ്പാത ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ പലരും വാഹനങ്ങള്‍ നിറഞ്ഞ റോഡിലൂടെയാണ് നടക്കുന്നത്. ഇതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
വയോധികരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പരസഹായത്തോടെയാണു പലരും തകര്‍ന്നു സ്ലാബുകളുടെ മുകളിലൂടെ കടന്നു പോകുന്നത്. തകര്‍ന്ന ഓടമൂടികള് മാറ്റി സുരക്ഷിതമായ പുതിയ സ്ലാബുകള്‍ സ്ഥാപിച്ചു സുരക്ഷിതമായ യാത്ര ഉറപ്പാക്കന്‍ അധികൃതര്‍ തയാറാകണമെന്നാണ് കാല്‍നടയാത്രക്കാരുടെ ആവശ്യം






