കൊച്ചി: ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസമായി വന്ദേഭാരതില്‍ കോച്ചുകളുടെ എണ്ണം കൂട്ടി.
ബംഗളൂരു - എറണാകുളം വന്ദേഭാരതില്‍ കോച്ചുകളുടെ എണ്ണം 16 ആയിട്ടാണ് കൂട്ടിയത്. ഓഗസ്റ്റ് 17 തിങ്കളാഴ്ച മുതല്‍ സർവീസ് തുടങ്ങും.
കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ അറിയിച്ചിരുന്നു. കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്തണമെന്ന് എംപി ഹൈബി ഈഡനും ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം നവംബറിലാണ് സർവീസ് ആരംഭിച്ചത്. ഓണക്കാലത്ത് ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് പോകുന്ന മലയാളികള്‍ക്കെല്ലാം ഏറെ ആശ്വാസകരമാണ് ഇത്. നേരത്തേ എട്ട് കോച്ചുകളാണ് വന്ദേഭാരതിലുണ്ടായിരുന്നത്. 16 കോച്ചുകള്‍ ആക്കുന്നതോടെ സീറ്റുകളുടെ എണ്ണം 530ല്‍ നിന്ന് 1128 ആയി ഉയരും. 598 സീറ്റുകളാണ് അധികമായി ലഭിക്കുക. ചെയർ കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1670 രൂപയും എക്സിക്യൂട്ടീവ് ചെയർകാറില്‍ 3030 രൂപയുമാണ് ടിക്കറ്റ് നിരക്ക്.






