തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ മലയാളികൾ പൈസ ഇറക്കിയതോടെ നേട്ടം
കൊയ്ത് മിൽമയും ഹാൻടെക്സും, സപ്ലൈകോയും.ഉത്രാടം വരെയുള്ള 8 ദിവസങ്ങളിൽ ബവ്റിജസ് കോർപറേഷൻ ഔട്ലെറ്റുകളിലൂടെ മാത്രം വിറ്റത് 771 കോടി രൂപയുടെ മദ്യം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 77 കോടി രൂപയുടെ വർധന. ഉത്രാടദിനത്തിൽ മാത്രം 126.31 കോടി രൂപയുടെ വിൽപന നടന്നു. കഴിഞ്ഞ കൊല്ലം ഇത് 137 കോടി ആയിരുന്നു.
തിരുവോണ ദിനത്തിൽ ഔട്ലെറ്റുകൾ പ്രവർത്തിച്ചില്ല. കൺസ്യൂമർ ഫെഡ് ഉത്രാട ദിനത്തിൽ 20.35 കോടി രൂപയുടെ മദ്യം വിറ്റു.ഓണക്കാലത്ത് പാൽ–പാലുൽപന്ന വിൽപനയിൽ മിൽമയ്ക്ക് നേട്ടം.
ഓണസദ്യയ്ക്കുള്ള പച്ചക്കറിക്കായി കൃഷി വകുപ്പിന്റെ കർഷകച്ചന്തകളിൽ തിരക്കിന്റെ പൂരം. ഓണക്കോടി വിൽപനയിൽ ഹാൻടെക്സിന് നേട്ടമുണ്ടായപ്പോൾ ഖാദി വസ്ത്രങ്ങളുടെ വിൽപനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ്.
ഓണത്തിന് മുന്നോടിയായുള്ള 5 ദിവസം മാത്രം 1,45,76,846.63 ലീറ്റർ പാലാണ് മിൽമ വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 5.61% വർധന.
ഈമാസം 20 മുതൽ ഉത്രാടം വരെയുള്ള കണക്കാണിത്. തൈരിന്റെ വിൽപനയും കുതിച്ചു. 18,09,331.50 കിലോഗ്രാം തൈരാണ് വിറ്റത്; 9.68 ശതമാനമാണ് വളർച്ച. പാലിനും തൈരിനുമൊപ്പം നെയ്യ്, പായസം ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്കും ഓണക്കാലത്ത് ആവശ്യക്കാരേറി.
ഓണക്കോടി വാങ്ങാൻ നെയ്ത്തു വസ്ത്രശാലകളിലേക്ക് ഉപയോക്താക്കൾ ഒഴുകിയെത്തിയതോടെ ഹാൻടെക്സിനും നേട്ടം.
ഈ മാസം 4 മുതൽ 25 വരെ നടന്ന ഓണക്കാല വിൽപനയിൽ 8 കോടി രൂപയുടെ വിറ്റുവരവാണു നേടിയത്. കഴിഞ്ഞ വർഷം ഇത് 7 കോടിയായിരുന്നു.
കസവുസാരി, സെറ്റുമുണ്ട്, മുണ്ട്, ഷർട്ട് എന്നിവയ്ക്കായിരുന്നു കൂടുതൽ ആവശ്യക്കാർ. പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം പുതുതലമുറയെ ആകർഷിക്കുന്ന ഡിസൈനുകളിലും വിൽപന വർധിച്ചതാണ് ഇത്തവണത്തെ പ്രത്യേകത.
ഓണസദ്യയ്ക്കുള്ള പച്ചക്കറി വാങ്ങാൻ ഹോർട്ടികോർപ് വിപണന കേന്ദ്രങ്ങളിലും വൻ തിരക്കായിരുന്നു. വിലക്കുറവിൽ ഗുണമേന്മയുള്ള പച്ചക്കറി ലഭ്യമാക്കാനുള്ള വിപണനകേന്ദ്രങ്ങൾ ഉപയോക്താക്കൾ വ്യാപകമായി പ്രയോജനപ്പെടുത്തി. ഓണവിപണിയിൽ സർക്കാർ സ്ഥാപനങ്ങളുടെ ഇടപെടലിനും ഇത്തവണ മികച്ച പ്രതികരണമാണ് ലഭിച്ചത്.






