തിരുവനന്തപുരം: വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും 'തന്ത വൈബ്' പരാമര്‍ശത്തിലും കൂടുതല്‍ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്.
താന്‍ പറഞ്ഞ പ്രയോഗം പ്രായത്തെ ഉദ്ദേശിച്ചല്ലെന്നും, തനിക്കെതിരെ ചില മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകളെയും ചിത്രങ്ങളെയും പശ്ചാത്തലമാക്കിയാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉപയോഗിച്ച 'തന്ത വൈബ്' എന്ന പ്രയോഗം ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഇനി അത് ആവര്‍ത്തിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസികളുടെ ക്ഷണം സ്വീകരിച്ചാണ് താന്‍ വിദേശയാത്ര നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. യാത്രയില്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കുകയും വിദേശത്ത് ജയിലില്‍ കഴിയുന്ന 32 മലയാളി കുടുംബങ്ങള്‍ തനിക്ക് നിവേദനം നല്‍കുകയും ചെയ്തു. എന്നാല്‍ ഈ പ്രധാന വിഷയങ്ങളൊന്നും വാര്‍ത്തയായില്ലെന്നും എന്നാല്‍ തനിക്കെതിരെ ഒരു ഫോട്ടോ മാത്രമാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടനാ തലത്തില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. രാഷ്ട്രീയ തീരുമാനങ്ങളുടെ പേരില്‍ തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് വിമര്‍ശിച്ചു.






