പാലിയേക്കര ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഹനങ്ങള്‍ കടത്തിവിട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഒ.ജെ. ജനീഷ്. സുരേഷ് ഗോപി കേന്ദ്ര സർക്കാരിന്റെ ഭാഗമായതിനാലാണ് നടപടിയുണ്ടാകാത്തതെന്നും, മറ്റാര് ചെയ്താലും ഇതിനകം കേസാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ടോളില്‍ ശാശ്വത പരിഹാരം കാണാൻ സുരേഷ് ഗോപി ശ്രമിക്കണമെന്നും, ടോള്‍ നല്കാൻ ജനം തയ്യാറാണെങ്കിലും സർവീസ് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലിയോണല്‍ മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസില്‍ എസ ഐ ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി . പത്ത് ലക്ഷം രൂപ മാത്രം പേയ്ഡ് അപ്പ് ക്യാപ്പിറ്റലുള്ള കമ്പനി എങ്ങനെയാണ് 200 കോടിയുടെ ഇവന്റിന് ഇറങ്ങിത്തിരിച്ചത് എന്നതില്‍ ഉള്‍പ്പെടെ വ്യക്തത കുറവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിറയൻകീഴ് സംഭവത്തില്‍ പാർട്ടി അന്വേഷണം നടക്കുന്നുണ്ടെന്നും അതില്‍ തല്ക്കാലം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച ചോദ്യത്തിന്, പരിപൂർണ്ണമായി പുനഃസംഘടനയിലേക്ക് കടക്കണോ എന്ന് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് ഒ.ജെ. ജനീഷ് വ്യക്തമാക്കി. കൃത്യമായ സമയത്ത് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും, നിലവില്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ നന്നായി നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.






