സ്റ്റോക്ക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞൻ കാള്‍ ഡൈസറോത്ത്, ജർമൻ ഗവേഷകരായ പീറ്റർ ഹെഗെമാൻ, ജോർജ് നാഗല്‍ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
ലൈറ്റ് ഗേറ്റഡ് അയോണ്‍ ചാനലുകളെയും ഒപ്റ്റോജെനറ്റിക്സിനെയും കുറിച്ചുള്ള കണ്ടെത്തുകളാണ് പുരസ്കാര നേട്ടത്തിനർഹമാക്കിയത്.
കാള്‍ ഡൈസറോത്ത് കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിലും പീറ്റർ ഹെഗെമാൻ ബെർലിനിലെ ഹംബോള്ച്ച് സർവകലാശാലയിലും ജോർജ് നാഗല്‍ ജർമനിയിലെ വുർസ്ബർഗ് സർവകലാശാലയിലുമാണ് പ്രവർത്തിക്കുന്നത്.
സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടില്‍ നൊബേല്‍ അസംബ്ളിയാണ് സമ്മാനം പ്രഖ്യാപിച്ചത്.
മസ്തിഷ്കത്തില്‍ വികാരങ്ങളും ഓർമകളും രൂപപ്പെടുന്നത് എങ്ങനെയാണെന്ന് തിരിച്ചറിയുന്നതിനുള്ള പഠനമാണ് ഇവർ നടത്തിയത്.
നാഡീകോശങ്ങള്‍ ഓർമകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് മനസിലാക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഒപ്റ്റോജെനറ്റിക്സ്.
മസ്തിഷ്ക പഠനത്തില്‍ പുതിയൊരു യുഗത്തിനാണ് മൂന്ന് ശാസ്ത്രജ്ഞരും തറക്കല്ലിട്ടതെന്ന് നൊബേല്‍ സമിതി വിലയിരുത്തി.






