ഡൽഹി: നിയമപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രായപരിധി ഇനി തടസ്സമാകില്ല. മൂന്ന് വർഷ, അഞ്ച് വർഷ എല്‍എല്‍ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന പ്രായപരിധി ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) പൂർണ്ണമായും പിൻവലിച്ചു.
ഇതോടെ ഏത് പ്രായത്തിലുള്ളവർക്കും ഇനി നിയമപഠനത്തിന് പ്രവേശനം നേടാനാകും. ബാർ കൗണ്‍സില്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ ചരിത്ര തീരുമാനമുണ്ടായത്. സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ ബിസിഐ അഭിഭാഷകയാണ് ഇക്കാര്യം ഔദ്യോഗികമായി കോടതിയെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ച് ബിസിഐയുടെ തീരുമാനം രേഖപ്പെടുത്തി ഹർജി തീർപ്പാക്കി.
2008-ലെ ബിസിഐ ചട്ടപ്രകാരം അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് എല്‍എല്‍ബിക്ക് ജനറല്‍ വിഭാഗക്കാർക്ക് 20 വയസ്സും, സംവരണ വിഭാഗക്കാർക്ക് 22 വയസ്സുമായിരുന്നു ഉയർന്ന പ്രായപരിധി. മൂന്ന് വർഷത്തെ എല്‍എല്‍ബി കോഴ്സിന് ഇത് യഥാക്രമം 30, 35 എന്നിങ്ങനെയായിരുന്നു. എന്നാല്‍ ഈ നിയമത്തിനെതിരായ നിയമപോരാട്ടത്തെ തുടർന്ന് 2017 മാർച്ചില്‍ സുപ്രീം കോടതി പ്രായപരിധി വ്യവസ്ഥ സ്റ്റേ ചെയ്തിരുന്നു. റിഷഭ് ദുഗ്ഗല്‍ നല്കിയ ഹർജിയിലാണ് സുപ്രീംകോടതി വിഷയം പരിഗണിച്ചിരുന്നത്. ബിസിഐ തന്നെ പ്രായപരിധി പിൻവലിച്ചതോടെ കോടതി കേസ് അവസാനിപ്പിച്ചു.
പ്രായത്തിന്റെ പേരില്‍ മാത്രം യോഗ്യരായവരെ നിയമപഠനത്തില്‍ നിന്ന് മാറ്റിനിർത്തുന്നതിന് അക്കാദമിക് ന്യായീകരണങ്ങളില്ലെന്നാണ് ബിസിഐയുടെ വിലയിരുത്തല്‍. വിദ്യാഭ്യാസ യോഗ്യത, ഹാജർനില, പരീക്ഷകള്‍, പ്രൊഫഷണല്‍ പരിശീലനം തുടങ്ങിയ നിലവിലുള്ള മാനദണ്ഡങ്ങള്‍ നിയമവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പര്യാപ്തമാണെന്നും കൗണ്‍സില്‍ വ്യക്തമാക്കി. പ്രായപരിധി നീക്കിയത് മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവർക്കും വൈകി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും വലിയ ആശ്വാസമാകും. അതേസമയം, പ്രവേശനത്തിനായുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളിലും സർവ്വകലാശാലാ നിബന്ധനകളിലും മാറ്റമുണ്ടാകില്ല.






