സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ നിയമസഭാ കയ്യാങ്കളി കേസിൽ ഒടുവിൽ വിചാരണ ആരംഭിക്കുന്നു. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണ നടപടികൾ തുടങ്ങുക.
വിചാരണയുടെ ആദ്യദിവസം കേസിലെ ഒന്നാം സാക്ഷിയായ അന്നത്തെ നിയമസഭാ സെക്രട്ടറി ശാർങ്കധരനെ വിസ്തരിക്കും. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എംഎൽഎമാരായ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് പ്രധാന പ്രതികൾ.
2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴ ആരോപണത്തെ തുടർന്ന് അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് നിയമസഭയ്ക്കുള്ളിലെ കയ്യാങ്കളിയിലേക്ക് വഴിവെച്ചത്. ബജറ്റ് അവതരിപ്പിക്കാനെത്തിയ മാണിയെ തടയുകയും നിയമസഭയിലെ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
സ്പീക്കറുടെ വേദിയിൽ കയറി കസേര, കമ്പ്യൂട്ടർ, മൈക്ക്, ഇലക്ട്രിക് പാനലുകൾ എന്നിവ തകർത്തതിലൂടെ 2,20,093 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പൊലീസ് കേസ്. എൽഡിഎഫ് സർക്കാർ അധികാരത്തിലിരിക്കെ കേസ് പിൻവലിക്കാനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല.
വർഷങ്ങളായി നിയമനടപടികൾ നീണ്ടുനിന്ന ശേഷമാണ് കേസിൽ ഇപ്പോൾ വിചാരണ ആരംഭിക്കുന്നത്.






