കണ്ണൂര്‍ : കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന് എന്നിവരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നിതിന്‍ രാജിന്റെ ഫോണ്‍ വാങ്ങിവെച്ചത് ഇരുവരുമായിരുന്നു. പ്രതി ചേര്‍ത്തതിന് പിന്നാലെ വിനോജ് മോണിയും ലത ശശിധരനും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കി.
ഡോ. എംകെ റാമാണ് കേസിലെ ഒന്നാം പ്രതി. കോളേജിലെ തന്നെ മറ്റൊരു അധ്യാപിക സംഗീത നമ്പ്യാരാണ് കേസിലെ രണ്ടാംപ്രതി. കേസില്‍ അറസ്റ്റിലായ റാമിന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതാം തീയതി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ പ്രവേശിക്കരുത്, വിദ്യാര്‍ത്ഥികളെ സ്വാധീനിക്കരുത് തുടങ്ങി കര്‍ശന ഉപാധികളോടെയായിരുന്നു റാമിന് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ശേഷം ഇയാള്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു.
കര്‍ണാടകയിലെ കുടകില്‍ ഒളിവില്‍ കഴിയുന്നതിനിടെ ജൂലൈ ഇരുപതാം തീയതിയായിരുന്നു റാം പിടിയിലാകുന്നത്. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് രണ്ട് നീതിയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും റാമിനെ പിടികൂടുന്നതും.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിന്‍ രാജ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.






