കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെ ആണ് സ്ഥലം മാറ്റിയത്. അന്വേഷണം നിർണ്ണായകമായ ഘട്ടത്തിലെത്തിയപ്പോഴാണ് സ്ഥലം മാറ്റം. ദന്തൽ കോളേജിലെ 2 അധ്യാപകരെ കൂടി കഴിഞ്ഞ ദിവസം പ്രതിചേർത്തിരുന്നു. ജീവൻ ജോർജിനെ കോഴിക്കോട് നർകോട്ടിക് സെല്ലിലേക്കാണ് മാറ്റിയത്.
നേരത്തെ കേസ് അട്ടിമറിക്കാന്‍ ഉള്ള ശ്രമമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിക്കൊണ്ടുള്ള നടപടി ഉണ്ടായിരിക്കുന്നത്.
ഏപ്രിൽ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം. ഡെന്റൽ കോളേജിലെ അധ്യാപകരായ ഡോ എംകെ റാമും സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികൾ. എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.






