കൊച്ചി: എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തും. യുഎപിഎ 16, 18 വകുപ്പുകളാണ് ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ഐക്യം തകർക്കാൻ ലക്ഷ്യമാക്കിയുള്ള ആക്രമണം, ഭീകര പ്രവർത്തനത്തിനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എബിൻ പോളിനെതിരെ ചുമത്തുക. കേസ് വൈകാതെ എൻഐഎ ഏറ്റെടുക്കും.
കഴിഞ്ഞ ദിവസം പ്രതിയുടെ പശ്ചാത്തലം, സൗഹൃദ വലയം തുടങ്ങിയവയെ കുറിച്ച് ആഴത്തില്‍ മനസിലാക്കാനായി അന്വേഷണ സംഘം ഇയാള്‍ പഠിച്ച പുണെയിലെ സ്ഥാപനത്തില്‍ പോയിരുന്നു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും, ഒഴിഞ്ഞു കിടന്ന വീടിനും തീവച്ചത് എബിനാണെന്ന് കണ്ടെത്തിയതോടെയാണ് കേസിൻ്റെ ഗൗരവം മാറിയത്. ബോസ് എന്നയാളുടെ നിർദേശപ്രകാരം എബിൻ കൃത്യങ്ങള്‍ ചെയ്തെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍. എന്നാല്‍ ബോസ് ആരാണെന്ന് വ്യക്തമായിട്ടില്ല.
തനിക്ക് നിർദേശം നല്‍കിയത് വിക്രം എന്നയാളാണെന്ന് എബിൻ മൊഴി നല്‍കിയിരുന്നു. ഇത് വിദേശത്ത് നിന്നുള്ള ആരെങ്കിലുമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വിക്രം തന്നെയാണോ ബോസ് എന്നും പൊലീസിന് സംശയമുണ്ട്.
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള എബിൻ പോളിനെ ആവശ്യമെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. ഇയാളുടെ ഫോണ്‍ ആണ് പൊലീസിൻ്റെ പ്രധാന കച്ചിത്തുരുമ്പ്. ഇത് വിശദമായി പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.






