തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസില്‍ അന്വേഷണം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു.
ഇരയായ 16-കാരിയുടെ ബന്ധുക്കളായ ദമ്പതികളെ അറസ്റ്റ് ചെയ്യുന്നതിനായി തമിഴ്നാട് പൊലീസ് കോടതിയില്‍ അപേക്ഷ നല്കി.
കോടതി അനുമതി നല്കുന്ന മുറയ്ക്ക് ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. ചെന്നൈയിലെ സ്പായിലും താൻ പീഡനത്തിനിരയായതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ആന്ധ്രപ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്.
ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടി പഠിച്ച സ്കൂളിലെത്തി തെളിവെടുപ്പ് നടത്തുന്നതിനും സഹോദരിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുമാണ് പൊലീസ് സംഘം അവിടെയെത്തുന്നത്.
കേസിന് വൻ അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കണ്ട്രോള് റൂം എസിപി സി. ചന്ദ്രകുമാറിനെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചിരുന്നു.
കുട്ടിയെ എങ്ങനെ കേരളത്തിലെത്തിച്ചു, ഏതൊക്കെ ഇടനിലക്കാരാണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചത് എന്നീ കാര്യങ്ങളാണ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കും.






