തിരുവനന്തപുരം: സുഹൃത്തുക്കളോടൊപ്പം നെയ്യാറില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി.
തെക്കേ കൊട്ടാരം തോപ്പില്‍ വിളാകത്ത് വീട്ടില്‍ കൃഷ്ണചന്ദ്രൻ (കൃഷ്ണേന്ദ്രൻ - 43) ആണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെ തിരുവനന്തപുരം സ്കൂബ ഡൈവിംഗ് ടീമാണ് മൃതദേഹം കണ്ടെടുത്തത്.
വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കടവിനോട് ചേർന്നുള്ള കടവിലായിരുന്നു അപകടം. വീടിനടുത്തുള്ള ആറില്‍ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ കൃഷ്ണചന്ദ്രൻ പെട്ടെന്ന് കയത്തില്‍പ്പെടുകയും മുങ്ങിപ്പോവുകയുമായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര പൊലീസും ഫയർഫോഴ്സും സ്കൂബ ടീമും ചേർന്ന് ഇന്നലെ മുതല്‍ വലിയ തോതിലുള്ള തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍, അപകടം നടന്ന കടവില്‍ നിന്നും ഏകദേശം 600 മീറ്റർ മാറി പുഴയില്‍, വെള്ളത്തില്‍ വീണുകിടന്ന ഒരു വലിയ മരത്തിന്റെ അടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം സ്കൂബ ടീമിലെ ഡൈവർമാരായ പ്രേംകുമാർ, രതീഷ്, പ്രദോഷ്, വിഷ്ണുനാരായണൻ, സജി, ബൈജു, പ്രവീണ്‍, ശിവഗണേഷ് എന്നിവരടങ്ങിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്. നെയ്യാറ്റിൻകര ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങള്‍ക്ക് സജ്ജീകരണങ്ങളുമായി ഒപ്പമുണ്ടായിരുന്നു.
നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രദേശത്തെ കൗണ്‍സിലറുടെയും സാന്നിധ്യത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നെയ്യാറ്റിൻകര പൊലീസിന് കൈമാറി. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.






