ഡല്‍ഹി: ലഡാക്കിന് സംസ്ഥാന പദവി നല്‍കാതെ പുതിയ മാതൃക പരീക്ഷിക്കാൻ കേന്ദ്ര നീക്കം. നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമാക്കില്ല.
ഇതിനായി പാർലമെന്റില്‍ പുതിയ ബില്ല് കൊണ്ടുവരാൻ ശ്രമം. നിർദേശം ലഡാക്ക് അപെക്സ് ബോഡി അംഗീകരിച്ചേക്കും എന്ന് സൂചന. സൂയി ജനറിസ് മാതൃക ലഡാക്കിനായി രൂപപ്പെടുത്തും. ജനങ്ങളുടെ അഭിലാഷം നിയമനിർമ്മാണ, എക്സിക്യൂട്ടീവ്, സാമ്പത്തിക അധികാരങ്ങള്‍ ഉണ്ടാവുക എന്നതാണ് എന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര പറഞ്ഞു.
ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണവും തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതിയും അനുവദിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനകം ആരംഭിച്ചതായി ആശിഷ് കുന്ദ്ര പറഞ്ഞു. ചില സംസ്ഥാനങ്ങളുടെ സവിശേഷമായ പ്രാദേശിക, സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി താല്ക്കാലികവും പരിവർത്തനപരവും പ്രത്യേകവുമായ അധികാരങ്ങള്‍ ഇന്ത്യൻ ഭരണഘടനയുടെ 371-ാം അനുച്ഛേദം നല്കുന്നു. ജമ്മു-കശ്മീർ സംസ്ഥാനത്തെ വിഭജിച്ച്, ആർട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമാണ് ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണപ്രദേശമായി രൂപീകരിച്ചത്.
തുടക്കത്തില്‍ ലഡാക്കിലെ ഒരു വിഭാഗം കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും, പിന്നീട് ഉദ്യോഗസ്ഥ ഭരണത്തിനെതിരെ അവർ പ്രക്ഷോഭം ആരംഭിച്ചു. സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിലുള്ള സംരക്ഷണ നടപടികളും അവർ ആവശ്യപ്പെട്ടുവരുന്നു. ഭൂമി, വനം, ജലം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ നിർമ്മിക്കാൻ അധികാരമുള്ള പ്രാദേശിക കൗണ്‍സിലുകള്‍ രൂപീകരിക്കാൻ ആറാം ഷെഡ്യൂള്‍ വ്യവസ്ഥ ചെയ്യുന്നു. പ്രാദേശിക സാമ്പത്തിക വികസന കാര്യങ്ങളില്‍ നേരിട്ട് അഭിപ്രായം രേഖപ്പെടുത്താനും തീരുമാനങ്ങളില്‍ പങ്കാളികളാകാനും ഇത് അവിടുത്തെ ജനവിഭാഗങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ട്. അതിനിടെയാണ് കേന്ദ്ര സർക്കാർ പുതിയ മാതൃക പരീക്ഷിക്കാൻ ഒരുങ്ങുന്നത്.






