തിരുവനന്തപുരം: നേപ്പാളിലുണ്ടായ ശക്തമായ മിന്നല്‍ പ്രളയത്തില്‍ കാഞ്ഞങ്ങാട് മുൻ എസ് ഐ. പ്രദീപ് അടക്കമുള്ള 36 അംഗ മലയാളി ടൂറിസ്റ്റ് സംഘവും അപകടമേഖലയില്‍ കുടുങ്ങി.
കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.
ഹെല്‍പ്പ് ലൈൻ തുറന്ന് ഇന്ത്യൻ എംബസി
അപകടത്തില്‍പ്പെട്ട ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. പ്രളയബാധിതരായ ഇന്ത്യക്കാർക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെല്‍പ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്. നേപ്പാള്‍ ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങള്‍ കൂടുതല്‍ ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.






