പെരുമ്പാവൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ ഓടുകൾ തകർന്നു. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു.
സർക്കാർ എൽ.പി. സ്കൂളിനോട് ചേർന്നുള്ള ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകളാണ് തകർന്നുവീണത്. രാത്രി സമയത്ത് വിമാനം താഴ്ന്നുപറന്നതിനെ തുടർന്നാണ് ഓടുകൾ തകർന്നതെന്നാണ് സമീപവാസികൾ പറയുന്നത്.
രാത്രിയായതിനാലും സ്കൂളിൽ കുട്ടികൾ ഇല്ലാതിരുന്നതിനാലും വലിയ ദുരന്തം ഒഴിവായി. നിലവിൽ ഈ കെട്ടിടത്തിൽ സാധാരണ ക്ലാസുകൾ നടത്താറില്ല.
സമാന രീതിയിൽ ഒക്കൽ പ്രദേശത്ത് നിരവധി വീടുകളുടെ മേൽക്കൂരയിലെ ഓടുകൾ മുമ്പും തകർന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഏതാനും മാസം മുമ്പ് നമ്പിളി കവലയിലുള്ള ഒരു വീടിന്റെ ഓടുകളും ഇതേ രീതിയിൽ തകർന്നിരുന്നു.






