ദുബൈ: അന്താരാഷ്ട്ര ലഹരി കടത്ത് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രധാന പ്രതിയെ യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച് നാർക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എൻ.സി.ബി).വിരേന്ദർ സിങ് ബസോയ എന്ന കുപ്രസിദ്ധ ലഹരി കടത്തുകാരനെയാണ് ഇന്ത്യയിലെത്തിച്ചത്. എൻ.സി.ബി നടത്തിയ കൃത്യമായ നീക്കത്തിലൊടുവിലാണ് അന്താരാഷ്ട്ര ലഹരി ശൃംഖലയിലെ പ്രധാനി വലയിലാകുന്നത്. ഇന്ത്യയുടെയും യുഎഇയുടെയും കൃത്യമായ സഹകരണത്തോടെയായിരുന്നു നടപടി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. ലഹരി വിരുദ്ധ നയത്തില്‍ 'സീറോ ടോളറൻസ്' ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ലഹരികടത്തുകാർ എവിടെ ഒളിച്ചാലും, ഭാരതീയ നിയമത്തില്‍ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് അന്വേഷണ ഏജൻസികള്‍ വീണ്ടും തെളിയിച്ചതായും അമിത് ഷാ കൂട്ടിച്ചേർത്തു. സാമ്പത്തിക കുറ്റകൃത്യങ്ങളിലും വ്യാജരേഖ ചമയ്ക്കല്‍ കേസുകളിലും ഉള്‍പ്പെട്ട പ്രമുഖരെ കഴിഞ്ഞ മേയില്‍ യുഎഇ ഇന്ത്യക്ക് കൈമാറിയിരുന്നു.
കൊല്‍ക്കത്തയിലെ ശ്രീ ഗണേഷ് ജ്വല്ലറി ഹൗസ് ബാങ്ക് തട്ടിപ്പ് കേസ് പ്രതി കമലേഷ് പരേഖ്, വ്യാജ പാസ്പോർട്ട് കേസ് പ്രതി അലോക് കുമാർ എന്നിവരെ ഇൻ്റർപോള്‍ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് അന്ന് യുഎഇ അധികൃതർ പിടികൂടി കൈമാറിയത്. ഇരു രാജ്യങ്ങളിലെയും അന്വേഷണ ഏജൻസികള്‍ തമ്മിലുള്ള മികച്ച ഏകോപനമാണ് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ സഹായിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.






