തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നടപടികളില്‍ ഇടപെടാത്തതിനാല്‍ അതുസംബന്ധിച്ച വിശദാംശങ്ങള്‍ അറിയില്ലെന്ന് മുന്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍. എന്നാല്‍ സര്‍ക്കാര്‍ ചെയ്യേണ്ട നടപടിക്രമങ്ങള്‍ നിയമാനുസൃതമായി ചെയ്തിട്ടുണ്ടാകുമെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി വകുപ്പിന്റെ നോട്ടീസില്‍ പഴയ ഏതെങ്കിലും മന്ത്രിയോ മന്ത്രിയുടെ ഓഫീസോ ഇടപെട്ടിട്ടുണ്ടെങ്കില്‍ അതെല്ലാം നേരത്തെ പുറത്തുവരേണ്ടതല്ലേ എന്നും കെ.എന്‍ ബാലഗോപാല്‍ ചോദിച്ചു. ചുമതലയുള്ള ഉദ്യോഗസ്ഥരായിരിക്കും ഇക്കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ടാകുകയെന്നും ബാലഗോപാല്‍ പറഞ്ഞു. ലൈഫ് പദ്ധതിയിലും മുന്‍ മന്ത്രി പ്രതികരിച്ചു. ലൈഫ് പദ്ധതിയില്‍ ഗുണഭോക്താവ് ഒരു ലക്ഷം രൂപ നല്‍കണമെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്രത്തിന്റെ മുദ്ര പതിപ്പിക്കണമെന്ന നിബന്ധന സര്‍ക്കാരിന്റെ ഔദാര്യമാണെന്നാണ് തോന്നിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ അഞ്ച് ലക്ഷം വീടാണ് കേരളത്തില്‍ പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് കാലത്ത് ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ 5,000 കോടി രൂപ ഗുണഭോക്താക്കളില്‍ നിന്ന് വാങ്ങാമായിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും കെ.എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.






