പെരുമ്പാവൂർ: നാസയിലെ ഭൗമശാസ്ത്ര ഗവേഷകനായ പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശി സുജയ് വി കുമാർ അമേരിക്കൻ മീറ്റിയറോളജിക്കല്‍ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ലോകത്തെ പ്രമുഖ ഭൗമ ശാസ്ത്രജ്ഞർക്ക് മാത്രം ലഭിക്കുന്ന ഈ അംഗീകാരം നേടുന്ന ആദ്യ മലയാളിയും ഇന്ത്യക്കാരനുമാണ് അദ്ദേഹം. നാസയില്‍ ഭൗമശാസ്ത്ര ഗവേഷകനായി പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സുജയ്, സങ്കീർണമായ ഉപഗ്രഹ സംവിധാനങ്ങളുടെയും മോഡലുകളുടെയും സഹായത്തോടെ ഭൂമിയിലെ ജലചക്രത്തിന്റെ പ്രവർത്തനവും മനുഷ്യരുടെ ഇടപെടലുകള്‍ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതും സംബന്ധിച്ച ഗവേഷണങ്ങളാണ് നടത്തുന്നത്.
കാലാവസ്ഥ, ഭൂമിശാസ്ത്രം എന്നീ മേഖലകളില്‍ നല്കിയ ആജീവനാന്ത സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് എഎംഎസ് ഫെലോ പദവി നല്‍കുന്നത്. സംഘടനയുടെ ആകെ അംഗത്വത്തിന്റെ 0.2 ശതമാനം പേർക്ക് മാത്രമാണ് ഓരോ വർഷവും ഈ ബഹുമതി ലഭിക്കുന്നത്. സങ്കീർണമായ മോഡലുകളും ഉപഗ്രഹ ഡാറ്റാസെറ്റുകളും ഉപയോഗിച്ച് ജലചക്രത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് സുജയിയെ ഫെലോയായി തെരഞ്ഞെടുത്തത്. 1990ലെ എസ്എസ്എല്‍സി പരീക്ഷയില്‍ 600ല്‍ 585 മാർക്ക് നേടി രണ്ടാം റാങ്ക് നേടിയ സുജയ്, കെഎസ്ഇബി മുൻ എക്സിക്യൂട്ടീവ് ചീഫ് എൻജിനിയറുമായിരുന്ന വളയൻചിറങ്ങര വികാസില്‍ കെ വിജയകുമാറിന്റെയും വളയൻചിറങ്ങര ഹൈസ്കൂള്‍ അധ്യാപിക കെ കോമളവല്ലിയുടെയും മകനാണ്.






