കൊഹിമ : നാഗാലാൻഡിൽ വ്യാജ മദ്യം കുടിച്ച് 19 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാഗാലാൻഡിലെ മൊകോക്ചുങ്, ടുൻസാങ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൊകോക്ചുങ് എട്ട് മരണവും ടുൻസാങ് ജില്ലയിൽ 11 പേരുമാണ് വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടത്.
1990 മുതൽ പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്താണ് ഈ ദുരന്തമുണ്ടായിരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ പോലീസ് വിവിധയിടങ്ങളിൽ വ്യാപക പരിശോധന നടത്തുകയും 19 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റെയ്ഡുകളിൽ ഏകദേശം മൂവായിരത്തോളം കുപ്പി മദ്യം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അറിയപ്പെടാത്തതോ ലേബൽ ഇല്ലാത്തതോ സംശയാസ്പദമായതോ ആയ മദ്യം കഴിക്കരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മദ്യം കഴിച്ചതിന് ശേഷം തലകറക്കം, കാഴ്ചമങ്ങൽ, ശ്വാസതടസ്സം അല്ലെങ്കിൽ ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം വൈദ്യസഹായം തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.






