തിരുവനന്തപുരം: പിണറായിക്കും റിയാസിനും വീണക്കുമെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ.
അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. തെളിവിൻ്റെ കണിക പോലും ഇല്ല. പിന്നെന്തിന് ഒളിച്ചോടണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് ചോദിച്ചു.
എല്‍ഡിഎഫ് യോഗം ഉടൻ വിളിക്കും. തെളിവുകളില്ലാതെ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തുകയാണ്. ശക്തമായ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം ഇനിയും ഉണ്ടാകും. ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം, മാസപ്പടി കേസിലെ ഇഡി കത്തിന്മേല് പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടി ക്കുമെതിരായ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. സർക്കാർ തീരുമാനം കത്തായി ഇന്നായിരിക്കും ഡിജിപിക്ക് കൈമാറുക. ഇതിന് ശേഷം എസ്ഐടി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കും. എസ്ഐടി സംഘം ഇഡി ഉദ്യോഗസ്ഥരുമായി ആദ്യം കൂടിക്കാഴ്ച നടത്തും. ഇഡി കണ്ടെത്തലുകളില്‍ നിന്നാകും അന്വേഷണം തുടങ്ങുക. ഹവാല ഇടപാടില്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കും.
മൂന്ന് വർഷമായി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന മാസപ്പടി വിവാദത്തിലാണ് സംസ്ഥാന പൊലീസ് അന്വേഷണം. ഇഡി കത്ത് നല്കി 15 ദിവസത്തിന് ശേഷമാണ് നിർണ്ണായക നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. പിണറായിക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശമെങ്കിലും അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തിയാണ് നയപരമായ തീരുമാനമെടുത്തത്. ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രമേശ് ചെന്നിത്തല ഇന്നലെ വിളിച്ചുവരുത്തി കണ്ടിരുന്നു.
അന്വേഷണ സംഘം രൂപീകരിക്കാനുള്ള കത്ത് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡിജിപിക്ക് കൈമാറി. പിണറായി വിജയനെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാമെന്നായിരുന്നു എജിയുടെയും ഡിജിപിയുടെയും നിയമോപദേശം. എന്നാല്‍ ഹവാല ഇടപാട് വിജിലിൻസിന് അന്വേഷിക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് ആഭ്യന്തരവകുപ്പ് വിശദീകരണം. നേരിട്ട് എഫ്ഐആർ എടുത്താല്‍ പ്രതികള്‍ കോടതിയെ സമീപിച്ചാല്‍ ഉണ്ടാകുന്ന തിരിച്ചടി കണക്കിലെടുത്താണ് എസ്ഐടി അന്വേഷണമെന്ന തീരുമാനത്തിലേക്കെത്തിയതെന്നാണ് സർക്കാർ വിശദീകരണം.






