തിരുവനന്തപുരം: ദേശീയപാതയില്‍ ഓരോ 20 കിലോമീറ്ററിലും സ്ക്വാഡ് വാഹനങ്ങളുമായി നിരീക്ഷണം ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. എന്നാല്‍ മലപ്പുറം ജില്ലയില്‍ ദേശീയപാത 66ല്‍ നിലവില്‍ നിരീക്ഷണത്തിനുള്ളത് ഒരുവാഹനം മാത്രം. ആവശ്യത്തിന് സ്ക്വാഡുകളും വാഹനങ്ങളും അനുവദിക്കാതെ 24 മണിക്കൂർ നിരീക്ഷണം കാര്യക്ഷമമാക്കാനാവില്ലെന്ന ആശങ്കയുമുണ്ട്.
ദേശീയപാത 66നെ 100 കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്സ്മെന്റ് സോണുകളായി തിരിച്ച് പകല്‍, വൈകിട്ട്, രാത്രി എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളിലായി പരിശോധന നടത്താനാണ് ആലോചന. മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാർ എന്നിവരെ റൊട്ടേഷൻ അടിസ്ഥാനത്തില്‍ ഹൈവേ നിരീക്ഷണത്തിന് നിയോഗിച്ചേക്കും. ഓരോ 20 കിലോമീറ്ററിലും സ്ക്വാഡിന്റെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്താനും അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ വേഗത്തില്‍ ഇടപെടാനുമാവും.
അതേസമയം, ജില്ലയിലെ പരിമിതമായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നിരീക്ഷണം ഫലപ്രദമാകുമോയെന്ന് ആശങ്കയുണ്ട്. അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ പെട്ടെന്നെത്താനും അമിതവേഗം, അപകടകരമായ ഡ്രൈവിംഗ്, ലഹരിയുപയോഗിച്ചുള്ള വാഹനമോടിക്കല്‍ തുടങ്ങിയവ കണ്ടെത്താനും കൂടുതല്‍ സ്ക്വാഡുകള്‍ ആവശ്യമാണ്. ഇതിനായി എൻഫോഴ്സ്മെന്റ് അംഗബലം വർദ്ധിപ്പിക്കണമെന്നും ആവശ്യമായ വാഹനങ്ങള്‍ അനുവദിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.






