ഡല്‍ഹി: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നിയമപരമായി നിലനില്‍ക്കില്ലെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറൈഷി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ തീരുമാനങ്ങള്‍ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് നിയമപരമായി നിലനില്‍ക്കുന്നതാണോ? എന്റെ അഭിപ്രായത്തില്‍, നിലനില്‍ക്കില്ല. ഞാന്‍ ഇത് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. വീണ്ടും പറയുകയാണ്. വിഷയം ഇപ്പോള്‍ സുപ്രിംകോടതിയുടെ മുന്നിലാണ്. കോടതി ശരിയായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ' -ഖുറൈഷി പറഞ്ഞു. മുസ്ലിം വോട്ടുകള്‍ വന്‍തോതില്‍ വെട്ടിമാറ്റപ്പെട്ടതായി സംശയമുയർന്ന ഇടങ്ങളില്‍ പുനഃപരിശോധന നടത്തണമെന്നും ആവശ്യമെങ്കില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് എന്നത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ഐക്യകണ്ഠേന തീരുമാനങ്ങളെടുക്കണമെന്നാണ് നിയമം പറയുന്നത്. അതിന് സാധിച്ചില്ലെങ്കിലാണ് മൂന്ന് കമ്മീഷണര്‍മാരിലെ ഭൂരിപക്ഷാഭിപ്രായം നോക്കേണ്ടത്. അല്ലാതെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മാത്രം തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാകില്ലെന്നും ഖുറൈഷി പറഞ്ഞു.
അതേസമയം, ഖുറൈഷിയുടെ പ്രസ്താവനക്കെതിരെ ബംഗാള്‍ മന്ത്രി ദിലീപ് ഘോഷ് രംഗത്തെത്തി. 'ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏഴ് മാസത്തോളമായി. ജനങ്ങള്‍ സന്തുഷ്ടരാണ്. എന്നാല്‍, ചിലര്‍ ചോദ്യങ്ങളുന്നയിക്കുകയാണ്. കാരണം, അവര്‍ ആഗ്രഹിച്ച ഫലമല്ല ഉണ്ടായത്. ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുകയാണ് ശരിയായ തീരുമാനം. അല്ലെങ്കില്‍ ജനങ്ങള്‍ തന്നെ ഇവരെ എതിര്‍ക്കും' -ദിലീപ് ഘോഷ് പറഞ്ഞു.






