തിരുവനന്തപുരം : മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ. കേസ് അട്ടിമറിക്കപ്പെടാനാണ് സാധ്യത. കുറ്റപത്രം ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു. മരം മുറിക്കായി അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് ഇറക്കിയ ഉത്തരവിനെക്കുറിച്ച് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരുമെന്നും ജോസഫ് മാത്യു പറഞ്ഞു.
മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. അഞ്ച് വർഷവും ഏഴ് മാസവും കഴിഞ്ഞ് ഇപ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇത്രയും കാലതാമസം വരുത്തിയതിന് ഡിഎഫ്ഒ വിശദീകരണം നൽകണം. എന്തുകൊണ്ട് വൈകി എന്നത് വ്യക്തമാക്കേണ്ട കാര്യമാണ്. 49 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ട് ഒരു കേസിൽ ഇപ്പോൾ കുറ്റപത്രം നൽകി. ബാക്കി 48 കേസുകളിൽ എന്തുകൊണ്ട് കുറ്റപത്രം നൽകിയില്ല. എടുത്ത കേസുകളെല്ലാം അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറി സ്ഥാനത്ത് അടുത്തിടെ പടിയിറങ്ങിയ ഡോ. ജയതിലകിനെതിരെയാണ് ജോസഫ് മാത്യു വിമര്‍ശനം ഉന്നയിക്കുന്നത്. ഈ വിഷയങ്ങളിൽ എല്ലാം അദ്ദേഹം മറുപടി പറയണമെന്നും മുൻ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.






