വൈക്കം: വേമ്പനാട്ടുകായലും പുഴകളും തോടുകളുമടക്കമുള്ള ജലാശയങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഭാരതീയ കിസാൻ സംഘ് ജലയാത്ര നടത്തി.
ഇന്നലെ രാവിലെ 11.15 ന് കരിയാർ സ്പിൽവേയിൽ നിന്ന് തുടങ്ങി താലൂക്കിലെ വിവിധ ജലാശയങ്ങളിലൂടെ കടന്ന് ജലയാത്ര വൈകുന്നേരം പള്ളിയാട് എസ്എൻയുപിസ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. ഭാരതീയ കിസാൻ സംഘ് വൈക്കം ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റ് എം എസ്. പുരുഷോത്തമൻ നായർ നയിച്ച ജലയാത്ര വൈക്കം തലയാഴം കൊതവറയിൽ കരിയാർ സ്പിൽവേയുടെ സമീപത്ത് കിസാൻ സംഘ് കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.കെ.സാബു നികർത്തിൽ ഉദ്ഘാടനം ചെയ്തു. പോളയും മാലിന്യവും നിറഞ്ഞ ജലാശയങ്ങളിലെ നീരൊഴുക്ക് സാധ്യമാക്കി ജലഗതാഗതം സുഗമമാക്കുന്നതിനും കാർഷിക മേഖലയിൽ ജലലഭ്യത ഉറപ്പാക്കാനും ജലാശയങ്ങളുടെ സംരക്ഷണം അനിവാര്യമാണെന്ന് ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.കെ. സാബു നികർത്തിൽ അഭിപ്രായപ്പെട്ടു.മണൽ വാരി കുഴിഞ്ഞ മുവാറ്റുപുഴയാറിൻ്റെ ജലവിതാനത്തേക്കാൾ തലയോലപ്പറമ്പ് അടിയത്തെ ഷട്ടറും പാലത്തിൻ്റെ അടിഭാഗവും ഉയർന്നുനിൽക്കുന്നതിനാൽ കരികനാലിലേക്ക് വെള്ളമൊഴുകുന്നില്ല.
ഇവിടെപുലിമുട്ട് സ്ഥാപിച്ച് അപ്പർക്കുട്ടനാട് മേഖലകളിലേയ്ക്ക് ജലം തിരിച്ചുവിടുന്നതിനും അശാസ്ത്രീയമായി അടിയം ഭാഗത്ത് നിർമിച്ചിട്ടുള്ള ഷട്ടർ പൊളിച്ചു നീക്കുന്നതിനും കാർഷിക കലണ്ടർ അനുസരിച്ച് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ മൂന്ന് വർഷത്തിൽ ഒരിക്കൽ തുറന്നിടുന്നതിനുംപുഴകളുടെ ആഴംകൂട്ടി ജലാശയങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജലയാത്ര സംഘടിപ്പിച്ചത്. സെക്രട്ടറി കെ.ഡി. ശിവമണി, കെ.കെ. രാജു കുന്നത്തുതറ തുടങ്ങിയവർ പ്രസംഗിച്ചു. വൈകുന്നേരം തലയാഴം പള്ളിയാട് എസ്എൻഎൽപി സ്കൂളിൽ നടന്ന സമാപന സമ്മേളനം ഭാരതീയ കിസാൻ സംഘ് സംസ്ഥാന പ്രസിഡന്റ് ഡോ. അനിൽവൈദ്യമംഗലം ഉദ്ഘാടനം ചെയ്തു.






