മുണ്ടക്കയം : പ്രളയത്തിൽ കേടുപാടു പറ്റിയ മുണ്ടക്കയം കോസ്വേ പാലത്തിന്റെ കൈവരികൾ പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു.
നൂറുകണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന പാലമാണിത്.
കൈവരികളില്ലാത്ത ഇതുവഴി കൈവിട്ട യാത്രയെന്ന് പറയാം.
വെള്ളപ്പൊക്കത്തിൽ തകർന്ന പാലത്തിലെ കൈവരികൾ പുനർനിർമ്മിക്കാൻ
വൈകുന്നത് വൻദുരന്തത്തിന് ഇടയാക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വിദ്യാർത്ഥികളുമായി സ്കൂൾ ബസുകളടക്കം ഇതുവഴി പോകുന്നുണ്ട്.
വീതി കുറഞ്ഞ പാലത്തിലേക്ക് രണ്ടു വലിയ വാഹനങ്ങൾ ഒരേസമയം പ്രവേശിച്ചാൽ കാൽനടയാത്രക്കാർ പെട്ടുപോകും.
അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
തകർന്ന കൈവരികൾക്ക് പകരം താത്കാലികമായി കെട്ടിയുയർത്തിയ മുളക്കമ്പുകളാണ് ഏക സംരക്ഷണം.
എന്നാൽ അവയിൽ ഭൂരിഭാഗവും തകർന്ന അവസ്ഥയിലാണ്. പാലത്തിന്റെ കുറച്ചു ഭാഗങ്ങളിൽ മാത്രമാണ് നിലവിൽ കൈവരികളുള്ളത്.
ബാക്കി ഭാഗങ്ങളിൽ നടന്നുപോകുമ്പോൾ കൈപിടിച്ച് നിൽക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ്.






