തിരുവനന്തപുരം: സിഎംആർഎല്‍ - എക്സാലോജിക് കേസില്‍ ഇഡി നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണത്തിന് നിർദേശം നല്‍കിയതില്‍ പ്രതികരിച്ച് പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ഒരു തെറ്റും ചെയ്തിട്ടില്ല. മുന്നോട്ട് പോയാലും ഭയപ്പെടേണ്ട സാഹചര്യമില്ല. പൂർണ ആത്മവിശ്വാസത്തോടെ തന്നെ കാര്യങ്ങളെ നേരിടുമെന്നും എംഎല്‍എ വ്യക്തമാക്കി.
'സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ ചോദ്യംചെയ്തപ്പോഴും കർണാടകയിലെ നേതാക്കളെ ലക്ഷ്യമിട്ട് റെയ്ഡുകള്‍ നടത്തിയപ്പോഴും ഇഡിയുടെ നടപടികളെ ശക്തമായി എതിർത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍, അതേ ഇഡി നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനുള്ള തീരുമാനം കേരള സമൂഹം തീർച്ചയായും ചർച്ച ചെയ്യും. വിഷയത്തില്‍ എനിക്കെതിരെ പ്രചരിച്ച വ്യാജ വാർത്തകളെ നിയമപരമായി നേരിടാനാണ് തീരുമാനം.
ഇതിനോടകം ചിലർക്ക് നോട്ടീസുകള്‍ അയച്ചിട്ടുണ്ട്. അഭിഭാഷകരും നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും മറ്റ് നിയമപരമായ നീക്കങ്ങള്‍ കൈക്കൊള്ളുക. രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി മറുപടി നല്‍കും. ഒരു തെറ്റും ചെയ്യാത്തതിനാല്‍ ഉറച്ച ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും'- മുഹമ്മദ് റിയാസ് പറഞ്ഞു.






