കൊച്ചി : റിപ്പോർട്ടർ ടിവി ന്യൂസ് ഡെസ്കിലെ പൊലീസ് അതിക്രമത്തെ വിമർശിച്ചതിന് പിന്നാലെ നേരിടുന്ന അധിക്ഷേപങ്ങളിൽ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ദുരധികാരം കൊണ്ട് പൊലീസ് ന്യൂസ് ഡെസ്കില്‍ കയറി പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ എതിര്‍ക്കുകതന്നെ ചെയ്യുമെന്ന് എം സ്വരാജ് വ്യക്തമാക്കി. ഇന്നലെയും ഇന്നും നാളെയും ഇതുതന്നെയാണ് നിലപാടെന്നും സ്വരാജ് പറഞ്ഞു.
മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ തുറന്നുകാട്ടും. നിക്ഷിപ്ത താല്പര്യങ്ങളെ എതിര്‍ക്കും. മാനേജ്മെന്റ് നിയമവിരുദ്ധ നടപടികളില്‍ ഏര്‍പ്പെട്ടാല്‍ അതിനെതിരെയും ശബ്ദിക്കും. എന്നാല്‍ സംപ്രേഷണം തടയുകയോ ന്യൂസ് ഡെസ്കില്‍ പൊലീസ് കയറി പ്രവര്‍ത്തനം തടസപ്പെടുത്തുകയോ ചെയ്താല്‍ അത്തരം നടപടികളെ അപലപിക്കാന്‍ മറ്റൊന്നും തടസമല്ലെന്നും എം സ്വരാജ് പറഞ്ഞു.
നേരത്തെ മീഡിയവണ്‍, ഏഷ്യാനെറ്റ് ചാനലുകളുടെ സംപ്രേഷണം തടസ്സപ്പെട്ടപ്പോള്‍ ശക്തമായി പിന്തുണക്കാനും സംപ്രേഷണാവകാശത്തിനായി സംസാരിക്കാനും അരനിമിഷം പോലും മടിച്ചുനിന്നിട്ടില്ലെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. ഇരു ചാനലുകളെയും പിന്തുണച്ചത് അവരുടെ രാഷ്ട്രീയത്തോടോ നിലപാടുകളോടോ യോജിപ്പ് ഉള്ളതുകൊണ്ടല്ലെന്നും അവര്‍ക്കിവിടെ പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന പൂര്‍ണ ബോധ്യമുള്ളതുകൊണ്ടാണെന്നും സ്വരാജ് വ്യക്തമാക്കി.






