മലപ്പുറം : പൂക്കോട്ടുംപാടം ചോക്കാട് കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ഒഴുക്കിൽ പെട്ട് മരിച്ചവരുടെ എണ്ണം 2 ആയി. ആരേയും തിരിച്ചറിഞ്ഞിട്ടില്ല. ഒഴുക്കിൽപെട്ട മറ്റുള്ളവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ആറ് പേരെയാണ് കാണാതായിരിക്കുന്നത്. മന്ത്രി എപി അനിൽ കുമാർ സ്ഥലം സന്ദർശിച്ചു. പ്രദേശത്തുള്ള ഒരു സ്ത്രീയും പുറത്തുനിന്നുള്ള അഞ്ച് പേരുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. രാത്രി തിരച്ചിൽ ദുഷ്കരമായതിനെ തുടർന്നാണ് തിരച്ചിൽ നിർത്തിവെച്ചിരിക്കുന്നത്.
നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. പുഴയുടെ ഇരുകരകളും കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ നടത്തുക. ഏഴു മണിയോടെ പുഴയിലിറങ്ങി തിരച്ചിൽ നടത്താനാണ് തീരുമാനം. മരിച്ചവരിൽ ഒരാളുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ട് നിന്നും രണ്ടാമത്തെയാളുടേത് ആന്റണിക്കാട് അയനിക്കുണ്ട് ഭാഗത്തു നിന്നുമാണ് കണ്ടെത്തിയത്.
വൈകുന്നേരം അഞ്ച് മണിയോടെയാണ് അപ്രതീക്ഷിതമായി വലിയ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. അപകടത്തിൽപ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടികെ നഗറിലാണ് ദുരന്തമുണ്ടായത്.






