ചെങ്ങന്നൂര്‍: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കുമരകം സ്വദേശിനിയായ യാത്രക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അസം, പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ടുപേരെ മോഷ്ടിച്ച അഞ്ച് മൊബൈല്‍ ഫോണുകളുമായി പിടികൂടി.
പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് ജില്ലയിലെ ധാലൂരി സ്വദേശി നജ്റണ് സോഹല്‍ റാണ (24), അസം മൊറിഗാവ് ജില്ലയിലെ കച്ചാറാബോറി സ്വദേശി മോട്ടിബുര് റഹ്മാന് (25) എന്നിവരെയാണ് ആര്.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച്/തിരുവനന്തപുരം വിഭാഗവും കോട്ടയം റെയില്‍വേ പോലീസും ചേര്‍ന്ന് പിടി കൂടിയത്.ആര്.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ ജിപിന്‍ എ.ജെ., എസ്.ഐ. പ്രൈസ് മാത്യു, എ.എസ്.ഐമാരായ വിജയകുമാര്‍, സിജോ സേവ്യര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ജോസ് എസ്.വി., വിപിന്‍.ജി, നിഖില്‍ നാഥ് എന്നിവരും റെയില്‍വേ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍, എസ്.ഐ.ശ്യാമകുമാരി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
കോട്ടയം റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ച് കുമരകം സ്വദേശിനിയായ യാത്രക്കാരിയുടെ തോളില്‍ തൂക്കിയിരുന്ന ബാഗിന്റെ സൈഡ് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന റെഡ്മി 9 മൊബൈല്‍ ഫോണ്‍ മോഷണം പോവുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരി കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിയില്‍ പരാമര്‍ശിച്ച സമയത്തെ അടിസ്ഥാനമാക്കി റെയില്‍വേ സ്റ്റേഷനിലെ സി.സി.ടിവി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ആര്.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും കോട്ടയം റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പരിശോധനയില്‍ പരാതിക്കാരിയുടെ മോഷണംപോയ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ അഞ്ച് മൊബൈല്‍ ഫോണുകള്‍ പ്രതികളുടെ കൈവശത്തുനിന്ന് കണ്ടെടുത്തു. പ്രതികള്‍ സ്ഥിരമായി ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിനുകളില്‍ കയറി യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നതാണ് പതിവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ട്രെയിനുകളില്‍ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ വിറ്റുകിട്ടുന്ന പണം മദ്യത്തിനും ലഹരിവസ്തുക്കള്ക്കുമായി ചെലവഴിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആര്.പി.എഫ്. ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ മുഹമ്മദ് ഹനീഫിന്റെയും റെയില്‍വേ എസ്.പി. കൃഷ്ണകുമാറിന്റെയും നിര്‍ദേശാനു സരണമാണ് അന്വേഷണം നടത്തിയത്.






