മഴക്കാലമായതോടെ പലയിടങ്ങളിലും കൊതുക് ശല്യം രൂക്ഷമാണ്. മഴയുടെ ഒപ്പം പവർ കട്ട് കൂടി ഉണ്ടെങ്കില്‍ പിന്നെ പറയേണ്ട. ചൂടും കൊതുകുശല്യവും കൂടിയാകുമ്പോള്‍ പിന്നെ പറയേണ്ടല്ലോ.
അപകടകരമായ ഒരുപിടി രോഗങ്ങളുടെ കാരണക്കാരന്‍ കൂടിയാണ് കൊതുക്. കൊതുകുകള്‍ വരുമ്പോള്‍ അവ ഡെങ്കിപ്പനി, മലേറിയ, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങളെയും കൂടെക്കൊണ്ടുവരാറുണ്ട്.
കൊതുകുതിരികളും മറ്റ് വഴികളും ഉണ്ടെങ്കിലും ആരോഗ്യത്തിന് ദോഷം ചെയ്യാതെ കൊതുകുകളെ നിങ്ങളുടെ വീട്ടിലുളള ചില സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ തുരത്തി ഓടിക്കാവുന്നതാണ്. അതിനുളള ചില പ്രകൃതിദത്ത വഴികള്‍ ഇതാ..
കർപ്പൂരം ഏറെക്കുറെ എല്ലാ വീടുകളിലും ഉളള ഒരു സാധനമാണ്. കർപ്പൂരം കത്തിച്ച് വെച്ചാല്‍ കൊതുകുകളെ ഓടിക്കാവുന്നതാണ്. വീട്ടിലെ വാതിലുകളും ജനലുകളും അടച്ച ശേഷം ഒരു പത്ത്- പതിനഞ്ച് മിനിറ്റ് നേര കർപ്പൂരം കത്തിച്ചു വെക്കുക. അതിനുശേഷം കതകും ജനലുകളുമെല്ലാം തുറന്നിട്ടാല്‍ അകത്തുളള കൊതുകുകള്‍ എല്ലാം പുറത്തേക്കോടും.
വെളുത്തുള്ളിയും കൊതുകിനെ തുരത്താൻ നമ്മളെ സഹായിക്കും. വെളുത്തുളളിയിലുളള മണം കൊതുകിന് അത്ര ഇഷ്ടമല്ല. വെളുത്തുളളി വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്ത ശേഷം അതൊരു കുപ്പിയിലാക്കി സ്പ്രേ പോലെ ഉപയോഗിക്കാവുന്നതാണ്. സാധാരണ കൊതുകുകള്‍ ഒളിച്ചിരിക്കാൻ സാധ്യതയുളള മൂലകളിലൊക്കെ ഈ സ്പ്രേ തളിക്കാം.
ചെറുനാരങ്ങയും ഗ്രാമ്പൂവും കൊതുകുകളെ ഓടിക്കാനുളള മറ്റൊരു വഴിയാണ്. ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിന്റെ ഉള്‍ഭാഗത്തേക്ക് കുറച്ചു ഗ്രാമ്പൂ കുത്തിവെക്കുക. ഗ്രാമ്പുവിലുളള യൂജിനോള്‍ എന്ന ഘടകം കാരണം കൊതുകിന് മനുഷ്യന്റെ മണം തിരിച്ചറിയാൻ സാധിക്കില്ല.
വേപ്പെണ്ണ, യൂക്കാലിപ്റ്റസ് പോലുളള സുഗന്ധ തൈലങ്ങളും കൊതുകുകളെ അകറ്റാൻ നമ്മെ സഹായിക്കും. ഇത്തരം സുഗന്ധ തൈലങ്ങള്‍ ഏതാനും തുളളി എടുത്ത് വെളളത്തില്‍ കലക്കി സ്പ്രേ ബോട്ടിലിലാക്കി വീടിന്റെ ഉള്ളില്‍ അടിക്കാം. അതല്ലെങ്കില്‍ വേപ്പെണ്ണ വെളിച്ചെണ്ണയില്‍ കലർത്തി ദേഹത്ത് പുരട്ടുകയും ചെയ്യാം.
ചെണ്ടുമല്ലി, ലെമണ്‍ ഗ്രാസ്, തുളസി, റോസ്മേരി പോലുളള ചെടികള്‍ നിങ്ങളുടെ പൂന്തോട്ടത്തിലോ ബാല്‍ക്കണിയിലോ വളർത്തുന്നതും കൊതുകുകളെ അകറ്റാനുളള ഒരു വഴിയാണ്. മാത്രമല്ല വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുന്നത് തടയുകയും ചെയ്യുന്നതിലൂടെയും കൊതുകുശല്യം കുറയ്ക്കാൻ സാധിക്കുന്നതാണ്.
ഇഞ്ചപുല്ല്- കൊതുകുകളെ അകറ്റുന്നതിന് ഇഞ്ചപ്പുല്ല് എണ്ണ ഒഴിച്ച തിരികള്‍ കത്തിച്ച് റാന്തല്‍ മുറ്റത്ത് വയ്ക്കുക. ഡങ്കിപനി വരുത്തുന്ന കൊതുകളെ നശിപ്പിക്കാന്‍ ഇഞ്ചപുല്ലു നല്ലതാണ്.
ചെടികൾ- പല ജീവജാലങ്ങള്‍ക്കും ഇഷ്ടം ഇല്ലാത്ത മണമാണ് ബന്തിയുടെത്. ഇവ കൊതുകുകളെയും മുഞ്ഞ പോലെയുള്ള കീടങ്ങളെയും നശിപ്പിക്കാന്‍ സഹായിക്കും. ബന്തിയില്‍ തന്നെ ആഫ്രിക്കന്‍, ഫ്രഞ്ച് എന്നിങ്ങനെ രണ്ട് തരം സസ്യങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൊതുകുകളെ അകറ്റാന്‍ ഫലപ്രദമാണ്. അതുപോലെ വേപ്പ്, പപ്പായ ഇഞ്ചി, പുതിന, തുളസി എന്നിവ വീട്ടിനോട് ചേര്‍ത്ത് നടുന്നത് പ്രാണികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നതാണ്.
ഇവ കൂടാതെ കുറെ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കൊതുകിനെ തുരത്താൻ സാധിക്കും.
സാഹചര്യം ഒഴിവാക്കാം - എല്ലാ നിവാരണനടപടികളും സ്വീകരിക്കുന്നതിനു മുൻപായി ചെയ്യേണ്ട കാര്യം ആദ്യം വീട്ടില്‍ നിന്നും കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ്. കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടി നില്ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം. കാടും മറ്റും വെട്ടിത്തെളിച്ച് വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ കൊതുകുശല്യം ഒരുപരിധിവരെ ഒഴിവാക്കാം.






