കോട്ടയം: കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് ശനിയാഴ്ച അർദ്ധരാത്രിയോടടുത്ത് നടന്ന കൊലപാതകത്തിന് പിന്നാലെ രാത്രിയിൽ നഗരത്തിലൂടെ സഞ്ചരിക്കുന്നവർ ഭീതിയിൽ.
ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ തർക്കമാണ് ഒരാളുടെ ജീവനെടുത്തത്.
കൊലപാതകത്തിന് പിന്നിൽ വിളിക്കാനായി വാങ്ങിയ മൊബൈൽ ഫോൺ യുവാവ് തിരികെ കൊടുക്കാത്തതു സംബന്ധിച്ച തർക്കമെന്ന് പോലീസ്.
പാമ്പാടി കോത്തല തടത്തിൽ പുത്തൻ പുതിയിടത്തിൽ വിനീത് (30) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
സെൻട്രൽ ജംക്ഷനു സമീപത്തെ ബാറിലിരുന്നു മദ്യപിക്കുന്നതിനിടയാണു വിനീതും ശ്രീകാന്തും പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.
പുറത്തേക്കിറങ്ങിയപ്പോൾ ശ്രീകാന്തിന്റെ മൊബൈൽ ഫോൺ വിനീത് വാങ്ങി ആരെയോ വിളിച്ചു.
ഫോൺ സംഭാഷണം നീണ്ടുപോയതോടെ ശ്രീകാന്ത് ഫോൺ മടക്കിച്ചോദിച്ചു.
തിരികെക്കൊടുക്കാൻ വിനീത് തയാറായില്ല. തുടർന്നു വാക്കേറ്റമുണ്ടായി. ഇതിനിടെ കൈവശമുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വിനീതിനെ ശ്രീകാന്ത് കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
മരപ്പണിക്കാരനായ ശ്രീകാന്തിന്റെ പക്കലുണ്ടായിരുന്ന ഈ ആയുധം പിന്നീടു പൊലീസ് കണ്ടെത്തി.
വിനീതിന്റെ നെഞ്ചിലും കഴുത്തിലുമായി അഞ്ചിലധികം കുത്തുകളേറ്റെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വിനീതിന്റെ സംസ്കാരം ഇന്ന് രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും. അവിവാഹിതനാണ്. പിതാവ്: ടി.എം.നാരായണൻ. അമ്മ: ലത.
അടിപിടി അടക്കം ഒട്ടേറെ കേസുകളിൽ നേരത്തേ പ്രതിയായിരുന്നു വിനീതെന്നു പൊലീസ് പറഞ്ഞു.
2015ൽ പത്തനംതിട്ടയിൽനിന്നു കഞ്ചാവുമായി പിടിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അതേ സമയം സാമൂഹിക വിരുദ്ധരുടെ സാന്നിദ്ധ്യം നിയന്ത്രിക്കുന്നതിനും രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കുന്നതിനും പൊലീസ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.






