കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് വിദ്യാർഥി ആർ.എൽ.നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ.എം.കെ.റാം 101 ദിവസം ഒളിവിൽ കഴിഞ്ഞതെവിടെയെന്ന് വെളിപ്പെടുത്തി.
ഹിമാചൽപ്രദേശ് മുതൽ കന്യാകുമാരി വരെയെന്ന് ഒളിവിൽ കഴിഞ്ഞതെന്ന് റാം തന്നെ അന്വേഷണസംഘത്തോടു പറഞ്ഞു.
നിതിൻ രാജ് ജീവനൊടുക്കിയ ഏപ്രിൽ 10നു തന്നെ റാം ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യഹർജി തലശ്ശേരി അഡിഷനൽ സെഷൻസ് കോടതിയും ജൂൺ 19ന് ഹൈക്കോടതിയും തള്ളിയതോടെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം റാമിന്റെ ജന്മനാടായ ആന്ധ്രപ്രദേശിലെ ചിറ്റൂരിലെത്തി.
എന്നാൽ, ഇയാളുടെ രാഷ്ട്രീയസ്വാധീനം കാരണം ചിറ്റൂരിലെ ഒളിസങ്കേതത്തിലെത്താൻ പൊലീസിനു സാധിച്ചില്ല. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ കൃത്യം സ്ഥലം കണ്ടെത്താനുമായില്ല. പൊലീസിന്റെ നീക്കം കൃത്യമായി അറിഞ്ഞുകൊണ്ടിരുന്ന റാം ഒളിസങ്കേതം മാറിക്കൊണ്ടിരുന്നു. ഇതിനിടെ പൊലീസിനെ വെട്ടിച്ച് റാം ബെംഗളൂരുവിലുള്ള മകളുടെ അപ്പാർട്ട്മെന്റിലെത്തി. റാമിന്റെ പുതിയ മൊബൈൽ നമ്പർ കിട്ടിയതോടെ ഇതു പിന്തുടർന്നാണ് കുടകിൽ നിന്ന് ഇന്നലെ പുലർച്ചെ 5ന് പിടികൂടിയത്.
ഒളിവിൽപോയ റാമിന്റെ ക്ലീൻ ഷേവ് ചെയ്ത ചിത്രമാണ് പൊലീസിന്റെ കൈവശം ഉണ്ടായിരുന്നത്. എന്നാൽ, ഇന്നലെ പിടികൂടുമ്പോൾ താടിയും മീശയും ഉണ്ടായിരുന്നു.






