തൃശൂര്‍ : അയ്യന്തോളില്‍ സദാചാര ആക്രമണമെന്ന് പരാതി. പുല്ലഴി സ്വദേശികളായ യുവതിക്കും യുവാവിനും മര്‍ദനമേറ്റു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരെയും മര്‍ദിച്ചു. പ്രദേശവാസിയായ നിരഞ്ജനും പിതാവ് ദിലീപിനുമെതിരെയാണ് പരാതി.
അയ്യന്തോള്‍ തൃക്കുമാരകുടത്തെ കുളത്തിന് സമീപം ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. യുവതിയും യുവാവും സംസാരിച്ചിരിക്കുന്നതിനിടെ പ്രദേശവാസിയായ നിരഞ്ജന് ചോദ്യം ചെയ്യാന്‍ എത്തുകയായിരുന്നു. ഇതോടെ ഇവര്‍ തമ്മില്‍ തര്‍ക്കമായി. യുവാവിനെയും യുവതിയെയും നിരഞ്ജന് മര്‍ദ്ദിക്കുകയും ചെയ്തു. യുവതിയുടെ കൈപ്പിടിച്ച് തിരിച്ചു. ബഹളമായതോടെ നിരഞ്ജന്റെ പിതാവ് ദിലീപും സഹോദരന് നീരജും സ്ഥലത്തെത്തി.
ഇതിനിടെ യുവതി പിതാവിനെ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചു. പിതാവ് തൃശൂര്‍ വെസ്റ്റ് പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വെസ്റ്റ് സ്റ്റേഷനിലെ എസ്ഐ ലിപ്സണ്‍, പൊലീസുകാരായ അഭിജിത്ത്, മഹേഷ് എന്നിവരെ ദിലീപും, മക്കളായ നിരഞ്ജും നീരജും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഹെല്‍മറ്റ് കൊണ്ട് പ്രതികൾ ആക്രമിച്ചു.
വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ദിലീപിനെയും നീരജിനെയും പിടികൂടി. ഇതിനിടെ നിരഞ്ജന് രക്ഷപ്പെട്ടു. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെയും യുവാവിനെയും യുവതിയെയും തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിരഞ്ജനെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ഉചിതമാക്കിയിട്ടുണ്ട്.






