കോട്ടയം: ക്രിസ്മസ്, ശബരിമല തീർത്ഥാടനം എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള റെയിൽവേ പൊലീസ് പരിശോധനകളും നിരീക്ഷണവും ശക്തമാക്കി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും വനിതാ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി കേരള റെയിൽവേ പൊലീസ് നടപ്പിലാക്കുന്ന പ്രത്യേക സുരക്ഷാ പദ്ധതിയായ 'ഓപ്പറേഷൻ രക്ഷിത'യുടെ ഭാഗമായാണ് പരിശോധനകൾ ഊർജ്ജിതമാക്കിയത്.
ട്രെയിനുകളിലും പ്രത്യേകിച്ച് ലേഡീസ് കോച്ചുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും കോമ്പിംഗ്, പട്രോളിങ്, അപരിചിതരുടെ പരിശോധന, ഡ്രോൺ നിരീക്ഷണം, സൈബർ സാങ്കേതിക നിരീക്ഷണം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.
കേരള റെയിൽവേ പൊലീസിന്റെ 13 റെയിൽവേ പൊലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞ മൂന്നുമാസത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 97 കേസുകൾ രജിസ്റ്റർ ചെയ്യുകയും 89 കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി കേരള പൊലീസിന്റെ പോൽ ആപ്പിലെ റെയിൽ മൈത്രി സേവനങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.
ട്രെയിൻ യാത്രയ്ക്കിടെ അടിയന്തര പൊലീസ് സഹായം ആവശ്യമായി വന്നാൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: റെയിൽവേ ഹെൽപ് ലൈൻ : 139; റെയിൽവേ പൊലീസ് കൺട്രോൾ റൂം: 9846200100, 9846200150, 9846200180; റെയിൽവേ പൊലീസ് കൺട്രോൾ റൂം വാട്സ്ആപ്പ് നമ്പർ: 9497935859; പോലീസ് എമർജൻസി ഹെൽപ് ലൈൻ: 112, വനിതാ ഹെൽപ് ലൈൻ: 1091, ചൈൽഡ് ഹെൽപ് ലൈൻ: 1098.





