തിരുവനന്തപുരം: ഛയാഗ്രാഹകൻ ഷാജികുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാല്‍. വൈകാരിക ഭാവങ്ങളെ ആഴത്തില്‍ ഒപ്പിയെടുക്കാൻ കഴിവുള്ള പ്രതിഭയായിരുന്നു ഷാജികുമാർ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഷാജികുമാറിന്റേത് ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണെന്നും മോഹൻലാല്‍ കുറിച്ചു.
'പ്രിയപ്പെട്ട ഷാജികുമാർ വിടപറഞ്ഞു. ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണ്. ഛായാഗ്രഹണ കലയില്‍ തന്റേതായ വ്യക്തിമുദ്ര പതിച്ച ഷാജിയുടെ അകാല വിയോഗം ഏറെ സങ്കടപ്പെടുത്തുന്നു. 'നരൻ', 'പുലിമുരുകൻ', 'ഒടിയൻ', 'തുടരും' തുടങ്ങി അവസാനമായി ഞങ്ങളൊന്നിച്ച 'അതിമനോഹരം' എന്ന ചിത്രത്തില്‍ വരെ ഷാജി എന്റെ ഒപ്പമുണ്ടായിരുന്നു', മോഹൻലാല്‍ കുറിച്ചു.
ഷാജികുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സംവിധായകൻ വിനയനും വൈകാരികമായ കുറിപ്പ് പങ്കുവച്ചിരുന്നു. മലയാള സിനിമയിലെ ഒന്നാം നിരയിലുള്ള ഛായാഗ്രാഹകനാണ് ഷാജികുമാർ എന്നും അദ്ദേഹത്തിന്റെ വിയോഗവാർത്ത ഞെട്ടിക്കുന്നതായിരുന്നുവെന്നും വിനയൻ ഫേസ്ബുക്കില്‍ കുറിച്ചു.
ആലപ്പുഴയില്‍ ദിലീപ് ചിത്രത്തിന്റെ സിനിമ സെറ്റില്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഷാജികുമാർ മരിച്ചത്. രണ്ട് ദിവസം മുൻപാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.
പുലിമുരുകൻ, നരൻ, ഒടിയൻ, തുടരും തുടങ്ങിയ അൻപതിലേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. അതിമനോഹരം, സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്നിവയാണ് ഏറ്റവും അവസാനമായി ചെയ്ത ചിത്രങ്ങള്‍. മോഹൻലാല്‍ നായകനായി തരുണ്‍മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം അടുത്തമാസം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.






