തിരുവനന്തപുരം: കുട്ടികള്‍ വാഹനം ഉപയോഗിക്കുന്നതില്‍ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍.
കുട്ടികള്‍ വാഹനം ഉപയോഗിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെയായിരിക്കും നടപടിയെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികള്‍ ഉള്‍പ്പെട്ട വാഹനാപകട കേസുകള്‍ പെരുകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
'കുട്ടികളെ ഒന്നും ചെയ്യേണ്ട, രക്ഷിതാക്കളെ പിടിച്ചാല്‍ മതി. രക്ഷിതാക്കള്‍ വാഹനങ്ങളുടെ താക്കോല്‍ കുട്ടികള്‍ക്ക് കൊടുക്കരുത്. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കട്ടെ. അവരുടെ വീട്ടില്‍ വാഹനം വേണ്ട. കുട്ടികളോട് സാരോപദേശം ചെയ്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.
മാതാപിതാക്കളുടെ പേരിലാണ് വാഹനം. അത് ഒരു കാരണവശാലും കൊടുക്കാൻ പാടില്ല. കുട്ടികള്‍ വാഹനം ഉപയോഗിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെയായിരിക്കും നടപടിയെടുക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ച സംഭവങ്ങളില്‍ ഉന്നതരായ വ്യക്തികളുടെ പേരില്‍ പോലും കേസെടുത്തിട്ടുണ്ട്. കേസെടുക്കുന്ന കാര്യത്തില്‍ യാതൊരു ദയയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കാരണം സമയക്രമമാണ്. ബസുകളുടെ സമയം പുനഃക്രമീകരിക്കുന്നതിന് സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള സമയക്രമത്തിലാണ് സ്വകാര്യ ബസുകള്‍ ഇപ്പോഴും സർവീസ് നടത്തുന്നത്. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ രണ്ടര മിനിറ്റ് മതിയെന്നാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ എറണാകുളം, കണ്ണൂർ തുടങ്ങിയ നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് കാരണം ഈ സമയത്തിനുള്ളില്‍ ബസുകള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ല. നിശ്ചിത സമയത്തിനുള്ളില്‍ എത്താനായില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടിവരുന്നതും മത്സരയോട്ടത്തിന് കാരണമാകുന്നുണ്ട്'- മന്ത്രി വ്യക്തമാക്കി.






