ഭുവനേശ്വർ: കുടുംബ വഴക്കിനിടെ ഭാര്യ മൊബൈല്‍ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. ഒഡിഷയിലെ ബോലാങ്കിർ ജില്ലയിലെ ചിന്മിഭാട്ടി പാദ സ്വദേശിയായ സ്വപ്നേശ്വർ മിശ്രയാണ് മരിച്ചത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച വീട്ടിലുണ്ടായ തർക്കത്തിനിടെയാണ് ഭാര്യ മൊബൈല്‍ ഫോണ്‍ എടുത്ത് സ്വപ്നേശ്വറിന്റെ തലയ്ക്ക് അടിച്ചതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ യുവാവിനെ ഉടൻ ബോലാങ്കിർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തി ആശുപത്രി അധികൃതർ ഇയാളെ ഡിസ്ചാർജ് ചെയ്തു.
എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങള്‍ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച സ്വപ്നേശ്വർ മരിച്ചു.






