പാലക്കാട്: ചിറ്റൂരില്‍ നിന്ന് 14 വയസ്സുകാരനായ സ്കൂള്‍ വിദ്യാർഥിയെ കാണാതായി. കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെയാണ് ഇന്നലെ പുലർച്ചെ മുതല്‍ കാണാത്തത്.സംഭവത്തില്‍ ബന്ധുക്കള്‍ ചിറ്റൂർ പൊലീസില്‍ പരാതി നല്കി.
ഇന്നലെ പുലർച്ചെ വീട്ടില്‍ നിന്ന് സൈക്കിളില്‍ പുറത്തിറങ്ങിയതാണ് ഹരീഷ്. പിന്നീട് തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തിയത്. ഹരീഷിനെ വാളയാർ പരിസരത്ത് വെച്ച് കണ്ടതായി നാട്ടുകാർ പൊലീസിന് വിവരം നല്കി.
വാളയാറിന് സമീപം സൈക്കിളില്‍ സഞ്ചരിക്കുന്ന ഹരീഷിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വാളയാർ, ചിറ്റൂർ, സമീപ പ്രദേശങ്ങളില്‍ പൊലീസ് തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.
ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.ചിറ്റൂർ ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ഹരീഷ്. കുട്ടിയെ കണ്ടെത്തുന്നതിനായി ഡോഗ് സ്ക്വാഡിന്റെയും സഹായം തേടിയിട്ടുണ്ട്. ഹരീഷിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിറ്റൂർ പൊലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.






