തിരുവനന്തപുരം: വിവാദ റെഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. പൊതുഭരണവകുപ്പിൻ്റെ അനുമതിയില്ലാതെയായിരുന്നു മന്ത്രിയുടെ റെഞ്ച് റോവർ യാത്ര.
സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാൻ അനുമതി നല്കി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാൻ കണ്ണൂരില്‍ നിന്ന് കുർഗിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഷാജിക്ക് സ്വകാര്യ കാർ ഉപയോഗിക്കാൻ അനുമതി നല്‍കിയത്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാൻ കർണാടക സർക്കാരിൻ്റെ പ്രോട്ടോകോള്‍ വിഭാഗത്തിന് കൈമാറിയ കത്തില്‍ റെഞ്ച് റോവറിൻ്റെ നമ്പർ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിവാദം ശക്തമായപ്പോള്‍ ഷാജിയുടെ വാദം ഇങ്ങനെ: നല്ല വാഹനങ്ങള്‍ വീട്ടില്‍ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കള്‍ക്ക് യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രമുണ്ടെങ്കില്‍ എനിക്ക് തരാം. ആവശ്യമായ അനുമതി വാങ്ങി ഞാൻ ഉപയോഗിച്ചോളാം.
എന്നാല്‍, റേഞ്ച് റോവർ ഉപയോഗത്തിന് ഷാജിക്ക് അനുമതി കിട്ടിയിട്ടില്ല. ആകെ അനുമതി നല്‍കിയത് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാൻ കണ്ണൂരില്‍ നിന്നും കൂർഗിലേക്ക് പോകാൻ മാത്രമാണ്. ആഡംബര കാർ വിവാദത്തില്‍ ശക്തമായ കടന്നാക്രണം തുടരുകയാണ് പ്രതിപക്ഷം. ആർക്കും വേണ്ടാത്ത 13 ആം നമ്പർ ഏറ്റെടുത്ത മാതൃകയായ ഷാജിയാണ് ഇപ്പോള്‍ റേഞ്ച് റോവറില്പ്പെട്ടത്. ആഡംബര കാർ വിവാദത്തില്‍ പക്ഷെ വിചിതരമായ വാദങ്ങള്‍ നിരത്തിയാണ് മന്ത്രിമാർ ഷാജിയെ ന്യായീകരിക്കുന്നത്. വിവാദം തുടരുന്നതിനിടെ മന്ത്രി യൂറോപ്യൻ ടൂറിലാണ്.






